Asianet News MalayalamAsianet News Malayalam

നാരങ്ങാവെള്ളം കുടിച്ചാൽ ദുഃഖിക്കും? ചെറുനാരങ്ങയ്ക്ക് തീവില; ഒരെണ്ണത്തിന്15 രൂപ വരെ

ഇപ്പോൾ വില ഉയർന്ന് 140 - 150 രൂപയായെന്ന് ശ്രീ സായ് വെജിറ്റബിൾ കടയുടമ കെ ശശിധരൻ നായർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Lime wholesale price rises in Kerala retailers faces huge challenge
Author
Thiruvananthapuram, First Published Apr 8, 2022, 3:14 PM IST

തിരുവനന്തപുരം സംസ്ഥാനത്ത് വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങാവെള്ളം കുടിക്കാൻ കയറിയാൽ കീശ കീറുമെന്ന് ഉറപ്പ്. കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംസ്ഥാനത്തേക്ക് വരുന്ന ചെറുനാരങ്ങ വില ഒറ്റയടിക്ക് ഇരട്ടിയോളം ഉയ‍ർന്നതാണ് ഇപ്പോഴത്തെ പ്രയാസത്തിന് കാരണം. ചെറുനാരങ്ങയ്ക്ക് മാത്രമല്ല, ഓറഞ്ചിനും ആപ്പിളിനും വില വ‍ർധിച്ചിരിക്കുകയാണ്.

40 രൂപ മുതൽ 60 രൂപ വരെയായിരുന്നു ചെറുനാരങ്ങ കിലോയ്ക്ക് തിരുവനന്തപുരം ചാല മാ‍ർക്കറ്റിലെ മൊത്ത വ്യാപാര വില. എന്നാൽ ഇപ്പോൾ വില ഉയർന്ന് 140 -150 രൂപയായെന്ന് ശ്രീ സായ് വെജിറ്റബിൾ കടയുടമ കെ ശശിധരൻ നായർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മൊത്ത വില ഉയർന്നതോടെ റീടെയ്ൽ വില 200 രൂപയിലെത്തി.

ഒരു കിലോ ചെറുനാരങ്ങയിൽ വലിപ്പം അനുസരിച്ച് 10 മുതൽ 16 വരെ എണ്ണം ചെറുനാരങ്ങ ഉണ്ടാകാറുണ്ട്. വില ഉയ‍ർന്നതോടെ റീടെയ്ൽ വ്യാപാരികൾ ഓരോ ചെറുനാരങ്ങയ്ക്കും 10 മുതൽ 15 രൂപ വരെയാണ് വിലയീടാക്കുന്നത്. ഇതോടെ വഴിയോരത്ത് നാരങ്ങാവെള്ളം വിറ്റിരുന്ന ചെറുകിട കച്ചവടക്കാ‍രുടെ പ്രവ‍ർത്തനം തന്നെ വെല്ലുവിളി നിറഞ്ഞതായി. 

തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്ക് അടുത്ത് പുളിയൻകുടിയിൽ നിന്നാണ് തെക്കൻ കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്നത്. ഇവിടെ ഉൽപ്പാദനം കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം വട്ടിയൂ‍ർക്കാവിൽ പച്ചക്കറി വ്യാപാരം നടത്തുന്ന മുരുകൻ കരുതുന്നത് വേനലും പെരുന്നാളും വന്നതോടെ ഡിമാന്റ് ഉയർന്നതിനെ തുട‍ർന്ന് തമിഴ്നാട്ടിലെ കർഷകർ വില വർധിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം എന്നാണ്.

പഴവ‍ർ​ഗങ്ങളിൽ ഓറഞ്ചിന്റെയും ആപ്പിളിന്റെയും വില കുത്തനെ വ‍ർധിച്ചിട്ടുണ്ട്. 50-60 രൂപയായിരുന്ന ഓറഞ്ചിന് കിലോയ്ക്ക് ഇപ്പോൾ മൊത്ത വ്യാപാര വില 80 രൂപയിലെത്തി. കേരളത്തിലേക്ക് ഓറഞ്ച് എത്തുന്നത് പ്രധാനമായും മഹാരാഷ്ട്രയിൽ നിന്നാണ്. എന്നാൽ ഇവിടെ ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലെ വ്യാപാരികൾ രാജസ്ഥാനിലെ ഓറഞ്ചിനെ ആശ്രയിച്ചതാണ് വില വ‍ർധിക്കാൻ കാരണം. 

സമാനമായ പ്രതിസന്ധിയാണ് ആപ്പിളിന്റെ കാര്യത്തിലും ഉള്ളത്. ഇന്ത്യയിൽ ഉൽപ്പാദനം കുറഞ്ഞതോടെ വിദേശത്ത് നിന്നുള്ള ആപ്പിളിനെയാണ് ആശ്രയിക്കുന്നത്. പോളണ്ട്, ഓസ്ട്രേലിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ആപ്പിൾ എത്തുന്നത്. ഇതോടെ മൊത്തവ്യാപാര വില നേരത്തെ 160 നും 200 രൂപയ്ക്കും ഇടയിലായിരുന്നത് ഉയ‍ർന്നു. 240 രൂപ മുതൽ 260 രൂപ വരെയാണ് ആപ്പിളിന്റെ മൊത്ത വ്യാപാര വില.

ആപ്പിൾ പെട്ടികളായാണ് മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് റീടെയ്ൽ വ്യാപാരികൾക്ക് വിൽക്കുന്നത്. 10 മുതൽ 14 കിലോ വരെ തൂക്കമുള്ള ആപ്പിൾ പെട്ടികൾക്ക് 2500 ന് അടുത്താണ് ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ വില. ഇതോടെ റീടെയ്ൽ വിപണിയിലും ആപ്പിളിന് വരും ദിവസങ്ങളിൽ വില വർധിക്കുമെന്ന് കെ ശശിധരൻ നായ‍ർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios