നോട്ടീസ് ലഭിച്ചവര്‍ക്ക് എങ്ങനെ പ്രതികരിക്കാമെന്ന് വ്യക്തമാക്കുന്ന പുതിയ സംവിധാനം ആദായനികുതി പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80GGC പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവര്‍ക്ക് ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. വ്യാജ അവകാശവാദങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നികുതി വകുപ്പിന്റെ ഈ പുതിയ നീക്കം. നോട്ടീസ് ലഭിച്ചവര്‍ക്ക് എങ്ങനെ പ്രതികരിക്കാമെന്ന് വ്യക്തമാക്കുന്ന പുതിയ സംവിധാനം ആദായനികുതി പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
എന്താണ് സെക്ഷന്‍ 80GGC? 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80GGC പ്രകാരം വ്യക്തികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്കോ നല്‍കുന്ന സംഭാവനകള്‍ക്ക് നികുതി ഇളവ് ലഭിക്കും. സുതാര്യമായ രാഷ്ട്രീയ സംഭാവനകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വകുപ്പിന്റെ ലക്ഷ്യം. ഇതിന് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും കിഴിവ് പരിധികളുമുണ്ട്. ഈ വകുപ്പ് പ്രകാരം നിങ്ങള്‍ ക്ലെയിം ചെയ്തിട്ടുണ്ടെങ്കില്‍, ലഭിക്കുന്ന എസ്എംഎസോ ഇമെയിലുകളോ അവഗണിക്കരുത്. തെറ്റായതോ മതിയായ രേഖകളില്ലാത്തതോ ആയ ഏതൊരു ക്ലെയിമും സൂക്ഷ്മ പരിശോധനയിലേക്കും അന്വേഷണത്തിലേക്കും പിഴയിലേക്കും നയിച്ചേക്കാം. സാധുവായ സംഭാവന രസീതുകളും പേയ്മെന്റ് രേഖകളും ഉള്‍പ്പെടെ ശരിയായ രേഖകള്‍ പക്കലുണ്ടെന്ന് ഉറപ്പാക്കുക.
നോട്ടീസിന് എങ്ങനെ മറുപടി നല്‍കാം? ആദായനികുതി നിയമത്തിലെ സെക്ഷന്‍ 158BC പ്രകാരം നോട്ടീസ് ലഭിച്ച നികുതിദായകര്‍ക്ക് ഇപ്പോള്‍ ആദായനികുതി പോര്‍ട്ടലിലെ 'ഇ-പ്രൊസീഡിംഗ്' (e-Proceeding) ടാബ് വഴി ഫോം ITR-B സമര്‍പ്പിക്കാം. ആദായനികുതി വകുപ്പ് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
80GGC പ്രകാരമുള്ള ക്ലെയിം പിന്‍വലിക്കാന്‍ കഴിയുമോ? സെക്ഷന്‍ 80GGC പ്രകാരം നടത്തിയ ക്ലെയിം പിന്‍വലിക്കാന്‍ സാധിക്കും. 'സ്വമേധയാ നിയമങ്ങള്‍ പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഏതെങ്കിലും കാരണവശാല്‍ സെക്ഷന്‍ 80GGC പ്രകാരമുള്ള കിഴിവ് ക്ലെയിം പിന്‍വലിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സെക്ഷന്‍ 139(8A) പ്രകാരം ഒരു പുതുക്കിയ റിട്ടേണ്‍ സമര്‍പ്പിച്ച് ക്ലെയിം പിന്‍വലിക്കുകയും ആവശ്യമായ നികുതി അടയ്ക്കുകയും ചെയ്യാം. അത്തരമൊരു സാഹചര്യത്തില്‍, ഈ കത്ത് ലഭിച്ച് 7 ദിവസത്തിനുള്ളില്‍, പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ വിവരങ്ങളും നികുതി അടച്ചതിന്റെ തെളിവും നല്‍കാവുന്നതാണ്.
തെറ്റായി ക്ലെയിം ചെയ്യുകയോ രേഖകളില്ലാതിരിക്കുകയോ ചെയ്താല്‍ എന്തുചെയ്യണം?
അബദ്ധവശാല്‍ കിഴിവ് ക്ലെയിം ചെയ്തുവെന്നും നിങ്ങളുടെ ക്ലെയിം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്നും കരുതുന്നുവെങ്കില്‍, എത്രയും പെട്ടെന്ന് അധിക നികുതിയടച്ച് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139(8A) പ്രകാരം ITR U ഫയല്‍ ചെയ്യണം.
ആദായനികുതി നോട്ടീസ് അവഗണിച്ചാല്‍ എന്ത് സംഭവിക്കും? ആദായനികുതി നോട്ടീസ് അവഗണിക്കുന്നത് വലിയ പിഴയിലേക്ക് നയിച്ചേക്കാം. തെറ്റായ ക്ലെയിം ഉണ്ടായിരുന്നിട്ടും, അറിഞ്ഞുകൊണ്ട് നോട്ടീസ് അവഗണിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍, നികുതി വകുപ്പ് നടപടികള്‍ ആരംഭിക്കുകയും, ഒഴിവാക്കാന്‍ ശ്രമിച്ച നികുതിയുടെ 200% വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് ഓര്‍ക്കുക.