സെബി ഒരു കമ്പനിക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുക. ജെയിന്‍ സ്ട്രീറ്റ് കമ്പനിക്ക് 4843.57 കോടി രൂപ പിഴ
യുഎസ് ട്രേഡിംഗ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റ് ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ നിന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) വിലക്കി. സൂചികയില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിക്ക് 4843.57 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സെബി ഒരു കമ്പനിക്ക് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. ഡെറിവേറ്റീവുകളിലൂടെ ഓഹരി സൂചികകളില്‍ കൃത്രിമം കാണിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സെബി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ വിലക്ക് തുടരും.
സെബി അന്വേഷണത്തില്‍ വെളിപ്പെട്ടതെന്ത്? 2023 ജനുവരി മുതല്‍ 2025 മെയ് വരെയുള്ള 21 വ്യത്യസ്ത എക്‌സ്‌പൈറി ദിവസങ്ങളില്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി തുടങ്ങിയ ഇന്‍ഡക്‌സ് ലെവലുകളില്‍ ജെയിന്‍ സ്ട്രീറ്റ് കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം. ജെയിന്‍ സ്ട്രീറ്റ്, ദിവസത്തിന്റെ തുടക്കത്തില്‍ വലിയ അളവില്‍ ബാങ്ക് നിഫ്റ്റി സ്റ്റോക്കുകളും ഫ്യൂച്ചറുകളും വാങ്ങി, സൂചികയെ ഉയര്‍ത്തി. പിന്നീട്, ഈ പൊസിഷനുകള്‍ വിറ്റ്, ക്ലോസിംഗ് സമയത്ത് സൂചികയില്‍ ഇടിവ് വരുത്തി. ഈ തന്ത്രം വിപണിയില്‍ തെറ്റായ പ്രതീതി ഉണ്ടാക്കുകയും, മറ്റ് ഇടപാടുകാരെ- പ്രത്യേകിച്ച് ചെറുകിട നിക്ഷേപകരെ - സൂചിക യഥാര്‍ത്ഥത്തില്‍ ഉയരുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി സെബി പറയുന്നു.
എക്‌സ്‌പൈറി ദിനത്തിലെ അവസാന മണിക്കൂറുകളില്‍, സൂചികയുടെ ക്ലോസിംഗ് നിലവാരങ്ങളെ സ്വാധീനിക്കാനും ഓപ്ഷന്‍ വിലകളെ ബാധിക്കാനും ലക്ഷ്യമിട്ട് വലിയ, ട്രേഡുകള്‍ സ്ഥാപനം നടത്തി. ഈ പ്രവര്‍ത്തനങ്ങള്‍ ഓപ്ഷന്‍ വിപണിയില്‍ ജെയിന്‍ സ്ട്രീറ്റിന് വലിയ ലാഭം നേടിക്കൊടുക്കാന്‍ സഹായിച്ചു. ക്യാഷ്, ഫ്യൂച്ചര്‍ ട്രേഡുകളില്‍ അവര്‍ക്കുണ്ടായ ചെറിയ നഷ്ടങ്ങള്‍, ഇന്‍ഡക്‌സ് ഓപ്ഷനുകളില്‍ നിന്നുള്ള ലാഭം കൊണ്ട് നികത്തുകയും ചെയ്തു
സെബിയുടെ കണ്ടെത്തലുകള്‍ പ്രകാരം ജെയിന്‍ സ്ട്രീറ്റ് നേടിയ ലാഭവിവരങ്ങള്‍ താഴെ:
ഇന്‍ഡക്‌സ് ഓപ്ഷനുകളില്‍ നിന്നുള്ള ലാഭം: 44,358 കോടി
സ്റ്റോക്ക് ഫ്യൂച്ചറുകളില്‍ നിന്നുള്ള നഷ്ടം: 7,208 കോടി
ഇന്‍ഡക്‌സ് ഫ്യൂച്ചറുകളില്‍ നിന്നുള്ള നഷ്ടം: 191 കോടി
ക്യാഷ് മാര്‍ക്കറ്റില്‍ നിന്നുള്ള നഷ്ടം: 288 കോടി
ഇവയെല്ലാം ചേര്‍ത്ത്, 36,671 കോടി രൂപയുടെ അറ്റാദായമാണ് സ്ഥാപനം നേടിയത്. ഇതില്‍ 4,843 കോടി നിയമവിരുദ്ധമാണെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജെയിന്‍ സ്ട്രീറ്റുമായി ബന്ധപ്പെട്ട നാല് സ്ഥാപനങ്ങളെ സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്:
ജെഎസ്‌ഐ ഇന്‍വെസ്റ്റ്‌മെന്റ്‌സ്
ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ്
ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിംഗ് , എന്നിവയാണ് ഈ കമ്പനികള്‍.
ആരാണ് ജെയിന്‍ സ്ട്രീറ്റ്? 2000-ല്‍ സ്ഥാപിതമായ ഒരു ആഗോള പ്രൊപ്രൈറ്ററി ട്രേഡിംഗ് സ്ഥാപനമാണ് ജെയിന്‍ സ്ട്രീറ്റ്. യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 3,000-ല്‍ അധികം ജീവനക്കാരും ഓഫീസുകളുമുണ്ട് ഈ സ്ഥാപനത്തിന്. 45 രാജ്യങ്ങളില്‍ ജെയിന്‍ സ്ട്രീറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ജെയിന്‍ സ്ട്രീറ്റിന്റെ വാര്‍ഷിക വരുമാനം 20.5 ബില്യണ്‍ ഡോളറായിരുന്നു.