എകെ 61ൽ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യർ അവതരിപ്പിക്കുക. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.
ചെന്നൈ: വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദും നടൻ അജിത്തും ഒന്നിക്കുന്ന 'എകെ 61' ടീമിനൊപ്പം നടി മഞ്ജു വാര്യരും എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ പൂനെയിൽ ആരംഭിക്കുന്ന അടുത്ത ഘട്ട ചിത്രീകരണത്തിലേക്ക് മഞ്ജുവും ജോയിൻ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതോടെ ഇനി ചിത്രീകരണം നടക്കാനിരിക്കുന്നത് പൂനെയിലാണ്.
എകെ 61ൽ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യർ അവതരിപ്പിക്കുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്. ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നിർമ്മാണം.
സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ജാക്ക് ആന്റ് ജിൽ ആണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് റിലീസിനായി കാത്തിരിക്കുന്ന മഞ്ജുവിന്റെ അടുത്ത ചിത്രം.
അതേസമയം, ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ 'എകെ 61'ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു. ഒരു മുതിർന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രമാണ് ഇത്. ഈ റോളിലേക്ക് മോഹൻലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാൾ തെലുങ്ക് താരം നാഗാർജുനയാണ്.
