ദില്ലി: രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെ തെളിയിക്കണമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കലാപം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് 19 ഭീതി എന്നിവയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍ സിംഗിന്‍റെ പ്രതികരണം. 

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ചില നിര്‍ദ്ദേശങ്ങളും മുന്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. കൊവിഡ്19 രാജ്യത്തിൻറെ സാമ്പത്തിക രംഗത്തിനു കനത്ത പരിക്കേൽപ്പികാൻ ഇടയുണ്ട്. അതിനെ നേരിടാൻ തയാറെടുപ്പ് നടത്തണം. രാജ്യം പൂര്‍ണമായും രോഗ വിമുക്തമാകണം. ഇതിന് വേണ്ടി പ്രവര്‍ത്തിക്കണം. രാജ്യത്ത് ഐക്യം നിലനിൽക്കേണ്ടത് അനിവാര്യമാണ്. അത് കൊണ്ട് പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണം. ഇതോടൊപ്പം സാമ്പത്തിക രംഗം പുനഃരുജീവിപ്പിക്കാൻ ധനഉത്തേജക പാക്കേജ് വേണം. രാജ്യത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി ജനങ്ങളെ പ്രവര്‍ത്തികളിലൂടെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.