Asianet News MalayalamAsianet News Malayalam

ഒറ്റത്തവണ ഉപയോഗിക്കാവുന്ന 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചു

പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വർഷം ജൂലൈ 1 മുതൽ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ല. 

manufacture sale and use of identified single-use plastic items like plates cups straws trays polystyrene banned from Jul 1 2022
Author
New Delhi, First Published Aug 13, 2021, 5:36 PM IST

ദില്ലി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ച് കേന്ദ്രസർക്കാർ. 75 മൈക്രോണിൽത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂലൈ 1 മുതൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വർഷം ജൂലൈ 1 മുതൽ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 

നേരത്തേ 50 മൈക്രോണിൽത്താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാലിനി 50 മൈക്രോണുള്ള പോളിത്തീൻ ബാഗുകൾ രാജ്യത്ത് ഉപയോഗിക്കാനാകില്ല. 120 മൈക്രോൺ മുതൽ മുകളിലേക്ക് മാത്രമേ പോളിത്തീൻ ബാഗുകൾ നിർമിക്കാനോ ഉപയോഗിക്കാനോ പാടുള്ളൂ. സെപ്റ്റംബർ 30 മുതലാകും ഈ നിരോധനം നിലവിൽ വരിക. രണ്ട് ഘട്ടമായിട്ടാകും ഈ നിരോധനം നടപ്പാക്കുക. ഇതിന്‍റെ ആദ്യഘട്ടമാണ് സെപ്റ്റംബർ 30-ന് തുടങ്ങുന്നത്. 

അതായത്, സെപ്റ്റംബ‍ർ 30 മുതൽ 75 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. അടുത്ത വർഷം ഡിസംബർ 31 മുതൽ 120 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂർണമായും നിരോധിക്കും. 

കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്‍റെ നിർമാണം, കയറ്റുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ആ ഉത്പന്നം തന്നെ ജൂലൈ 1, 2022 മുതൽ നിരോധിക്കും. 

ഏതൊക്കെ ഉത്പന്നങ്ങൾക്ക് നിരോധനം വരും?

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർ ബഡ്‍സ്, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, കോലുമിഠായി പോലുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, ഐസ്ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പോളിസ്റ്റെറീൻ (തെർമോകോൾ) ഡെക്കറേഷൻ, പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസ്സുകൾ, ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്ട്രോ, ട്രേ, മധുരപലഹാരങ്ങളിൽ പൊതിയുന്ന കവറുകൾ, ക്ഷണക്കത്തുകളിലെ പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിലെ പ്ലാസ്റ്റിക്, കാപ്പൂച്ചിനോയിലടക്കം കിട്ടുന്ന സ്റ്റിറിംഗ് സ്റ്റിക്കുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് - പിവിസി ബാനറുകൾ എന്നിവയെല്ലാം നിരോധിക്കപ്പെടും.

ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. മാർച്ചിൽ ഈ വിജ്ഞാപനത്തിന്‍റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിർദേശങ്ങളെല്ലാം പരിശോധിച്ച് അവയെല്ലാം ഉൾപ്പെടുത്തിയ ശേഷമാണ്, അന്തിമവിജ്ഞാപനം പുറത്തിറക്കിയത്. 

ആദ്യമായാണ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തരംതിരിച്ച് വ്യക്തമാക്കി ഒരു വിജ്‍ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന തരത്തിലുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കപ്പെടാൻ പോവുകയാണ്, കേന്ദ്രസർക്കാരിന്‍റെ ഈ ഉത്തരവിലൂടെ.

രാജ്യത്ത് ഒരു ദിവസം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ 40 ശതമാനമെങ്കിലും ശേഖരിക്കപ്പെടാതെ പോകുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റികിന്‍റെ ഗുണനിലവാരം മൈക്രോൺ കണക്കാക്കി കൂട്ടുന്നതിലൂടെ പുനരുപയോഗിക്കാവുന്ന റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റികിന്‍റെ ഉത്പാദനം കൂടുമെന്നാണ് കണക്ക് കൂട്ടൽ. രാജ്യത്തിന്‍റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിനാണ് തടയിടാൻ സർക്കാർ സംവിധാനം ശ്രമിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios