അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സ്ട്രാങ്കാലി കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള ഈ എസ്റ്റേറ്റ്, ഡബ്ലിനിലെ മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തിന് സമീപമാണ്. യൂറോപ്പിലെ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സന്ദർശനങ്ങൾക്കിടെ താമസിക്കാനുമാകും ഈ കൊട്ടാരം ഉപയോഗിക്കുക.

അയര്‍ലന്‍ഡില്‍ ചരിത്രപ്രസിദ്ധമായ പുരാതന കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും. അയര്‍ലന്‍ഡിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ 'സ്ട്രാങ്കാലി' എന്ന കൊട്ടാരമാണ് സക്കര്‍ബര്‍ഗ് വാങ്ങിയത്. ബ്ലാക്ക് വാട്ടര്‍ നദിയുടെ തീരത്ത് 440 ഏക്കറിലായി പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റ് കാഴ്ചക്കാരുടെ മനംമയക്കുന്നതാണ്. ഡബ്ലിനിലുള്ള മെറ്റയുടെ യൂറോപ്യന്‍ ആസ്ഥാനത്ത് നിന്നും ഏകദേശം 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. 2009 മുതല്‍ മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ കമ്പനിക്ക് 1,500-ഓളം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സക്കര്‍ബര്‍ഗിന് ഇനി ഈ കൊട്ടാരം ഉപയോഗിക്കാം.

ചരിത്രമുറങ്ങുന്ന സ്ട്രാങ്കാലി കൊട്ടാരം

ഗോതിക് റിവൈവല്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ മൂന്നുനില കൊട്ടാരത്തിന് വലിയൊരു ചരിത്രമുണ്ട്. 1830-ല്‍ രാഷ്ട്രീയ നേതാവായിരുന്ന ജോണ്‍ കീലിക്ക് വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ കൊട്ടാരത്തില്‍ വലിയ രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

ഈ രാജകീയ ഭവനം എത്ര രൂപയ്ക്കാണ് സക്കര്‍ബര്‍ഗ് സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അയര്‍ലന്‍ഡിലെ പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്ററിലും ഈ ഇടപാട് ഇതുവരെ വന്നിട്ടില്ല. എങ്കിലും 20 ദശലക്ഷം മുതല്‍ 30 ദശലക്ഷം യൂറോ വരെയാണ് (ഏകദേശം 224 മുതല്‍ 336 കോടി രൂപ വരെ) ഇതിന് വിലമതിക്കുന്നതെന്ന് 'ദ ഐറിഷ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സക്കര്‍ബര്‍ഗും ഭാര്യയും അമേരിക്കയില്‍ തന്നെയാകും സ്ഥിരതാമസം തുടരുക. അയര്‍ലന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ താമസിക്കാനായിരിക്കും ഈ കൊട്ടാരം പ്രധാനമായും ഉപയോഗിക്കുക. പുതിയ ഇടപാടോടെ സക്കര്‍ബര്‍ഗിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പട്ടികയിലേക്ക് അയര്‍ലന്‍ഡിലെ ഈ സ്വപ്നഭവനം കൂടി ഇടംപിടിച്ചിരിക്കുകയാണ്