മുംബൈ: സെബി ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ആറ് മാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനമോ ഉത്തരവോ വന്നിട്ടില്ല. എന്നാല്‍ ഇത് ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നു. ശനിയാഴ്ച ത്യാഗിയുടെ കാലാവധി അവസാനിക്കേണ്ടതാണ്.

ഇക്കണോമിക് അഫയേര്‍സ് സെക്രട്ടറി അതനു ചക്രബര്‍ത്തി, കോര്‍പ്പറേറ്റ് അഫയേര്‍സ് സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ്, ഫിനാന്‍സ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഗാര്‍ഗ്, സെബി അംഗം മധബി പുരി ബുച് എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട ആളുകള്‍.

മൂന്ന് വര്‍ഷത്തേക്കായിരുന്നു ത്യാഗിയുടെ നിയമനം. അദ്ദേഹത്തിന് രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടാന്‍ അര്‍ഹതയുണ്ട്. ഫെബ്രുവരി പത്ത് വരെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതേസമയം ത്യാഗിയുടെ മുന്‍ഗാമി യുകെ സിന്‍ഹയ്ക്ക് സെബി ചെയര്‍മാന്‍ സ്ഥാനത്ത് ആറ് വര്‍ഷം കാലാവധി ലഭിച്ചിരുന്നു.