സോഷ്യൽ മീഡിയ ഭീമനായ മെറ്റയിൽ വീണ്ടും വൻതോതിൽ പിരിച്ചുവിടൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 7,800 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കാമെന്നാണ് സൂചന. കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

സോഷ്യൽ മീഡിയ ഭീമനായ മെറ്റയിൽ (Meta) വൻതോതിൽ പിരിച്ചുവിടൽ ഉണ്ടാകാനിടയെന്ന് റിപ്പോർട്ടുകൾ. ഏകദേശം 7,800 ജീവനക്കാർക്ക് മേയ് 20ഓട് കൂടി പിരിച്ചു വിടാനുള്ള നോട്ടീസ് അയയ്ക്കാൻ കമ്പനി തയ്യാറെടുക്കുകയാണെന്നാണ് സൂചന. മെറ്റയിലെ ആകെ ജീവനക്കാരുടെ10 ശതമാനം കുറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി പിരിച്ചു വിടാൻ തീരുമാനിച്ച ജീവനക്കാർക്ക് ഇമെയിൽ വഴിയായിരിക്കും അറിയിപ്പ് ലഭിക്കുക. വ്യക്തിഗതവും ഔദ്യോഗികവുമായ ഇമെയിലുകളിലേക്കാണ് നോട്ടിഫിക്കേഷൻ എത്തുക. ഇതിനായി വ്യക്തിഗത ഇമെയിൽ വിവരങ്ങൾ പുതുക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെറ്റ കമ്പനി ഇപ്പോൾ കൂടുതൽ നിക്ഷേപം നടത്തുന്നത് ഇൻഫ്രാസ്ട്രക്ചറിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറക്കുകയും ഈ പദ്ധതികൾക്കായി പണം ചെലവഴിക്കുമാനാണ് ഈ പിരിച്ചു വിടലെന്ന് റിപ്പോർട്ടുകൾ. നേരത്തെയും ഇത് അവസാന ഘട്ട കൂട്ടപ്പിരിച്ചു വിടൽ അല്ലെന്ന മുന്നറിയിപ്പ് കമ്പനി ജീവനക്കാർക്ക് നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാവിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് ജീവനക്കാർ.

അതേ സമയം, ഈ പിരിച്ചുവിടലുകൾ നേരിട്ട് എഐ റീപ്ലേസ്മെന്റുമായി ബന്ധമില്ലെന്ന് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, എഐ ടൂളുകൾ ടീമുകളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നതിനാൽ ജീവനക്കാരുടെ സേവനം കുറച്ചു മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം എഐ അടിസ്ഥാന സൗകര്യങ്ങളിൽ 125 മുതൽ 145 ബില്യൺ ഡോളർ വരെ ചെലവിടാൻ കമ്പനി പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം, പിരിച്ചുവിടൽ സംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെങ്കിലും, ഇത് നടപ്പിലായാൽ എഐയും തൊഴിൽ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്.