Asianet News MalayalamAsianet News Malayalam

പൊന്നും വിലയിൽ മില്ലറ്റ്, കിട്ടാനുമില്ല; കമ്പോളത്തിൽ നിരക്ക് കുതിച്ചുയരുന്നു

ഒരു വർഷത്തിനുള്ളിൽ ജോവാറും റാഗിയും ഉൾപ്പെടെ വിവിധ ഇനം മില്ലറ്റുകളുടെ  വില 40 ശതമാനം മുതൽ 100 ശതമാനം വരെയാണ് ഉയർന്നത്.

Millet prices hit a record
Author
First Published Dec 6, 2023, 6:52 PM IST

മില്ലറ്റ് (ചെറു ധാന്യങ്ങൾ) ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ കർമ പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം ഇവയുടെ  വില കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചു. റാഗി (ഫിംഗർ മില്ലറ്റ്), ജോവർ (സോർഗം മില്ലറ്റ്), മറ്റ് ഇനം തിനകൾ എന്നിവയുടെ വിലയാണ് കുത്തനെ കൂടിയത്. ഒരു വർഷത്തിനുള്ളിൽ ജോവാറും റാഗിയും ഉൾപ്പെടെ വിവിധ ഇനം മില്ലറ്റുകളുടെ  വില 40 ശതമാനം മുതൽ 100 ശതമാനം വരെയാണ് ഉയർന്നത്. ഉൽപ്പാദനം, ഉപഭോഗം, കയറ്റുമതി, മൂല്യ ശൃംഖല ശക്തിപ്പെടുത്തൽ, ബ്രാൻഡിംഗ്, ആരോഗ്യ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ വർദ്ധിപ്പിക്കുന്നതിന് സർക്കാർ  പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

മില്ലറ്റ് വ്യാപാരത്തിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റവും വില കൂടുന്നതിനിടയാക്കി.  കാലാവസ്ഥാ വ്യതിയാനം മൂലം ലഭ്യത കുറഞ്ഞതും , മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ ആവശ്യം വർദ്ധിച്ചതും വില വർധിക്കുന്നതിന് കാരണായിട്ടുണ്ട്.മില്ലറ്റ് കൊണ്ടുള്ള പാസ്ത, നൂഡിൽസ് തുടങ്ങി നിരവധി മില്ലറ്റ് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിവിധ കമ്പനികൾ  പുറത്തിറക്കുന്നുണ്ട് . ആളുകൾ പ്രഭാതഭക്ഷണത്തിനായി ധാന്യങ്ങൾ കഴിക്കുന്നതും ഉപഭോഗം ഉയരാനിടയാക്കി.

മില്ലറ്റ് അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് വലിയ ഡിമാൻഡ് നിറവേറ്റാൻ പ്രയാസം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.  ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (യുഎൻജിഎ) അംഗീകരിച്ച അന്താരാഷ്ട്ര മില്ലറ്റ് വർഷം  (ഐവൈഎം) എന്ന ആശയം ഇന്ത്യയുടെ ശുപാർശ പ്രകാരമായിരുന്നു.  ഇന്ത്യയെ 'ധാന്യങ്ങളുടെ ആഗോള ഹബ്' ആയി മാറ്റുമെന്നതാണ് സർക്കാർ നയം. സർക്കാർ സംഭരിക്കുന്ന പ്രധാന മില്ലറ്റ് വിളകൾ ജോവർ, ബജ്റ, റാഗി എന്നിവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ സംഭരിച്ച ജോവർ, ബജ്‌റ, റാഗി എന്നിവയുടെ അളവ് യഥാക്രമം 423675 മെട്രിക് ടൺ, 758094 മെട്രിക് ടൺ, 1676067 മെട്രിക് ടൺ എന്നിങ്ങനെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios