ദില്ലി: കൊവിഡിനെ തുടർന്ന് ലോകമാകെ സാമ്പത്തിക രംഗം ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ധനികരിൽ പ്രധാനികളായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെയും ടെസ്‌ല ഇൻകോർപ്പറേറ്റഡ് ചീഫ് എലോൺ മുസ്കിന്റെയും ആസ്തിയിൽ പത്ത് ശതമാനത്തിന്റെ വർധനവുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയിൽ 22 ദശലക്ഷം പേർ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ സമർപ്പിച്ച ഘട്ടത്തിലാണ് ജെഫ് ബെസോസിന്റെ ആസ്തിയിൽ വീണ്ടും വർധനവ് ഉണ്ടായ റിപ്പോർട്ട് പുറത്തുവരുന്നത്. സാമ്പത്തിക രംഗത്ത് തിരിച്ചടിയുണ്ടായെങ്കിലും സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൊതുവിൽ നേട്ടമാണ് ഉണ്ടായത്.

ബെസോസ്, സൂം വീഡിയോ കമ്യൂണിക്കേഷൻസ് ഇൻകോർപ്പറേറ്റഡ് ഫൗണ്ടർ എറിക് യുവാൻ, എലോൺ മുസ്ക് എന്നിവരടക്കം എട്ട് പേരുടെ ആസ്തിയിൽ ഒരു ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ആമസോൺ ഓഹരികളിൽ 15.1 ശതമാനമാണ് ബെസോസിനുള്ളത്. മുസ്കിന് ടെസ്‌ലയിൽ 18.5 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിലെ അതിസമ്പന്നരുടെ ആസ്തിയിൽ 80.6 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് കണക്ക്.