ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികള്‍ വഴി ഉപഭോക്താക്കളുടെ ഇടയില്‍ പരിഭ്രാന്തി പരത്താനും അതു വഴി മില്‍മയുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി കുറ്റപ്പെടുത്തി

തിരുവനന്തപുരം: മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബര്‍ക്കെതിരെ മില്‍മ അധികൃതര്‍. ഇത്തരത്തിലുള്ള അവകാശവാദം വിഡ്ഢിത്തത്തില്‍ നിന്ന് ഉറവെടുത്തതാണെന്ന് വിശദീകരിച്ച മില്‍മ, അപകീര്‍ത്തിപ്പെടുത്തിയതില്‍ യൂട്യൂബര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്‍മെന്റ് വ്യക്തമാക്കി.

മില്‍മ പാലില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ ബാലിശമായ പരീക്ഷണമാണ് യൂട്യൂബര്‍ നടത്തിയിട്ടുള്ളതെന്ന് മില്‍മ പറഞ്ഞു. പത്ത് മിനിറ്റുള്ള വീഡിയോയില്‍ മില്‍മയുടെയും മറ്റ് രണ്ട് കമ്പനികളുടെയും പാലുമാണ് ഇയാള്‍ പരിശോധിക്കുന്നത്. ലാബ് പരിശോധനകളുമായി പുലബന്ധം പോലുമില്ലാത്ത രീതികള്‍ വഴി ഉപഭോക്താക്കളുടെ ഇടയില്‍ പരിഭ്രാന്തി പരത്താനും അതു വഴി മില്‍മയുടെ സല്‍പ്പേര് കളങ്കപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി കുറ്റപ്പെടുത്തി.

നിരവധി പരീക്ഷണ പരമ്പരകള്‍ക്ക് ശേഷമാണ് മില്‍മയുടെ പാലടക്കമുള്ള ഓരോ ഉത്പന്നങ്ങളും വിപണിയിലിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ നടത്തിയ എം.ബി.ആർ.ടി എന്ന ശാസ്ത്രീയ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത് മില്‍മ മലബാര്‍ മേഖലയില്‍ നിന്നുള്ള പാലാണ്. വസ്തുത ഇതായിരിക്കെ ഉപഭോക്താക്കള്‍ വ്യാജപ്രചാരണത്തില്‍ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യൂറിയ കലര്‍ന്ന പാലിന് ഗാഢമായ മഞ്ഞനിറമുണ്ടാകും. ലിറ്റ്മസ് പേപ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇത് കണ്ടെത്താനാകില്ലെന്ന് മില്‍മയുടെ ഗുണമേന്‍മാ -മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ മുരുകന്‍ വി.എസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളുള്ള ലാബോറട്ടറിയില്‍ പാരാ-ഡീ മീതൈല്‍ അമിനോ ബെന്‍സാല്‍ ഡിഹൈഡ് എന്ന വസ്തു ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. പശുവിന്‍റെ തീറ്റയിലൂടെ 0.02 ശതമാനം യൂറിയ പാലില്‍ സ്വാഭാവികമായി കാണപ്പെടും. ഇത് പ്രകൃത്യാ ഉള്ളതാണെന്നും ആരോഗ്യത്തിന് ഹാനികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...