മുംബൈ: കേന്ദ്ര സര്‍ക്കാരിന്‍റെ അടുത്ത ഘട്ട സാമ്പത്തിക പരിഷ്കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്കാരങ്ങള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടപ്പാകാതെ പോയിരുന്നു. എന്നാല്‍, ഇനി ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാരിന്‍റെ മുന്നിലുണ്ടാകില്ലെന്നും അവര്‍ പരേക്ഷമായി പറഞ്ഞു.

ഭൂമി, തൊഴില്‍ അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഷ്കാര നിക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിച്ച വന്‍ ജനപിന്തുണ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സഹായകരമാണെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യൻ എക്സ്പ്രസിന്റെ 'അഡാ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമൻ.