ദില്ലി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്‍റെ കൈയടി ഏറ്റുവാങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍). സൗദി അറേബ്യന്‍ കമ്പനിയായ അരാംകോയ്ക്ക് 20 ശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ റിലയന്‍സിന് കടബാധ്യത കുറച്ചെടുക്കാനും കമ്പനിക്ക് മികച്ച മുന്നേറ്റം കൈവരിക്കാനുമാകുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് മൂഡീസ്. 

റിലയന്‍സിന്‍റെ എണ്ണ, രാസവസ്തു ബിസിനസില്‍ (ഒ2സി) 20 ഓഹരി വാങ്ങാനാണ് സൗദി അരാംകോമിന്‍റെ തീരുമാനം. 1,05,000 കോടി രൂപയുടെ ഇടപാടാണിത്. ഇതോടൊപ്പം ബ്രിട്ടീഷ് പെട്രോളിയവുമായും റിലയന്‍സ് ധാരണപത്രം ഒപ്പുവച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ 4,000 ത്തില്‍ ഏറെ പെട്രോള്‍ പമ്പുകള്‍ തുടങ്ങാനാണ് റിലയന്‍സ് - ബ്രിട്ടീഷ് പെട്രോളിയം (ബിപി) ധാരണപത്രം ഒപ്പിട്ടത്.   

ഇത്തരം നിക്ഷേപ പരിപാടികളിലൂടെ റിലയന്‍സ് ഭാവിയില്‍ വന്‍ നേട്ടം കൈവരിക്കുമെന്നാണ് മൂഡിസ് കണക്കാക്കുന്നത്.