കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ ആലോചന.

മസ്കറ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55 ന് കണ്ണൂരില്‍ നിന്ന് പുറുപ്പെടും. തിരിച്ച് മസ്കറ്റില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 05.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്ന് വൈകിട്ട് 6.45 നാണ് സര്‍വീസ്. അബുദാബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും. 

മസ്കറ്റിലേക്ക് ആഴ്ചയില്‍ ബുധന്‍, വെളളി, ഞായര്‍, ദിവസങ്ങളിലും അബുദാബിയിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിലവില്‍ കണ്ണൂരില്‍ നിന്നുളള ഗോ എയറിന്‍റെ സര്‍വീസുകള്‍.