ദീപാവലി ദിനത്തില്‍ ഒക്ടോബര്‍ 21, ചൊവ്വാഴ്ച, ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെയാണ് മുഹൂര്‍ത്ത വ്യാപാരം. മികച്ച നേട്ടമുണ്ടാക്കാനുള്ള എട്ട് വഴികള്‍ അറിയാം 

ദീപാവലി ആഘോഷത്തിനായി കാത്തിരിക്കുന്നതിനൊപ്പം, ഓഹരി വിപണി നിക്ഷേപകര്‍ മുഹൂര്‍ത്ത വ്യാപാരത്തിനായുള്ള ഒരുക്കത്തിലാണ്. 2025 ദീപാവലി ദിനത്തില്‍ ഒക്ടോബര്‍ 21, ചൊവ്വാഴ്ച, ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെയാണ് മുഹൂര്‍ത്ത വ്യാപാരം. വിജയകരമായ മുഹൂര്‍ത്ത വ്യാപാരത്തിന് 8 വഴികള്‍ ഇതാ..

1. ട്രേഡിങ്ങും നിക്ഷേപവും

മുഹൂര്‍ത്ത വ്യാപാരത്തിന് മുന്‍പ്, ട്രേഡിങ്ങാണോ അതോ ദീര്‍ഘകാല നിക്ഷേപമാണോ ലക്ഷ്യമിടുന്നതെന്ന് തീരുമാനിക്കണം. ഇക്വിറ്റികള്‍, കമ്മോഡിറ്റികള്‍, കറന്‍സികള്‍, ഫ്യൂച്ചേഴ്‌സ്, ഓപ്ഷന്‍സ് എന്നിവയിലെല്ലാം ഈ സമയത്ത് ട്രേഡ് ചെയ്യാനും നിക്ഷേപിക്കാനും അവസരമുണ്ട്. ഒരു മണിക്കൂര്‍ മാത്രമുള്ള മുഹൂര്‍ത്ത വ്യാപാര സമയത്ത് ഓര്‍ഡറുകള്‍ കൃത്യമായി നടപ്പാക്കുന്നതിന്, ഏത് ഓഹരികളിലും ഫ്യൂച്ചറുകളിലുമാണ് ട്രേഡ് ചെയ്യേണ്ടതെന്ന് മുന്‍കൂട്ടി തീരുമാനിക്കുന്നത് വളരെ പ്രധാനമാണ്.

2. ലാര്‍ജ് ക്യാപ് ഓഹരികള്‍ തിരഞ്ഞെടുക്കുക

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ള കമ്പനികളുടെ ഓഹരികളാണ് ലാര്‍ജ് ക്യാപ് സ്റ്റോക്കുകള്‍. മുഹൂര്‍ത്ത വ്യാപാര സമയം ഒരു മണിക്കൂര്‍ മാത്രമായതിനാല്‍, ഈ ഓഹരികളില്‍ മതിയായ ലിക്വിഡിറ്റി ഉണ്ടാകും. സ്‌മോള്‍ ക്യാപ് അല്ലെങ്കില്‍ പെനി സ്റ്റോക്കുകളില്‍ ലിക്വിഡിറ്റി കുറവായതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടാനും നിക്ഷേപം പെട്ടെന്ന് ഇടിയാനും സാധ്യതയുണ്ട്. എന്നാല്‍ മികച്ച അടിസ്ഥാനമുള്ള ബ്ലൂ-ചിപ്പ് ഓഹരികള്‍ക്ക് ചാഞ്ചാട്ടം കുറവായതിനാല്‍ ഈ ദീപാവലി ട്രേഡിങ്ങിന് അനുയോജ്യമാണ്.

3. സൈക്ലിക്കല്‍ ഓഹരികള്‍ ഒഴിവാക്കുക

സാമ്പത്തിക പ്രകടനവുമായി അടുത്ത ബന്ധമുള്ള ഓഹരികളാണ് സൈക്ലിക്കല്‍ സ്റ്റോക്കുകള്‍. നയപരമായ മാറ്റങ്ങള്‍, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ കാരണം ഇവയുടെ വിലകളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ ഓഹരികള്‍ ഇതിന് ഉദാഹരണങ്ങളാണ്. മറുവശത്ത്, നോണ്‍-സൈക്ലിക്കല്‍ ഓഹരികളായ എഫ്എംസിജി, യൂട്ടിലിറ്റി ഓഹരികള്‍ താരതമ്യേന സുരക്ഷിതമാണ്. എങ്കിലും എല്ലാ നോണ്‍-സൈക്ലിക്കല്‍ ഓഹരികളും സ്ഥിരമായ വരുമാനം നല്‍കണമെന്നില്ല.

4. ഓഹരി വിശകലനം

ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമെല്ലാം വിശകലനം നടത്തേണ്ടതുണ്ട്. അടിസ്ഥാനപരമായ വിശകലനത്തിനായി സ്ഥിരമായ റിട്ടേണ്‍ ഓണ്‍ ഇക്വിറ്റികള്‍ ഉള്ളതും, മികച്ച ലാഭമുള്ളതും, കൃത്യമായ ഡിവിഡന്റ് നല്‍കുന്നതുമായ ഓഹരികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. രണ്ടാം പാദത്തിലെ ഫലങ്ങള്‍ പുറത്തുവരുന്ന സമയമാണിത്. ലാഭത്തില്‍ ഗണ്യമായ വളര്‍ച്ച കാണിച്ചതോ അല്ലെങ്കില്‍ വരും പാദങ്ങളിലേക്ക് വലിയ നിക്ഷേപ, വികസന പദ്ധതികള്‍ പ്രഖ്യാപിച്ചതോ ആയ കമ്പനികളെ പരിഗണിക്കാം.

5. ട്രേഡിങ് പ്ലാന്‍

മുഹൂര്‍ത്ത വ്യാപാര സെഷന്‍ വെറും ഒരു മണിക്കൂര്‍ മാത്രമായതിനാല്‍, വേഗത്തിലുള്ള ഇടപാടുകള്‍ ആവശ്യമാണ്. ഇതിനായി മൂവിങ് ആവറേജുകള്‍ പോലുള്ള സാങ്കേതിക സൂചകങ്ങള്‍ ഉപയോഗിച്ച് ഓഹരികളുടെ ലിസ്റ്റ് തയ്യാറാക്കുക. ഉദാഹരണത്തിന്, ഒരു ഓഹരിയുടെ 50 ദിവസത്തെ മൂവിങ് ആവറേജ് അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജിന് മുകളിലാണെങ്കില്‍, അത് മുന്നേറ്റത്തിന്റെ സൂചന നല്‍കിയേക്കാം. മുഹൂര്‍ത്ത വ്യാപാരത്തിന് ഒരു ദിവസം മുന്‍പ് ഇത്തരം പാറ്റേണുകള്‍ തിരിച്ചറിയുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. ഓഹരികള്‍ ബ്രേക്ക്ഔട്ട് ചെയ്യുമ്പോള്‍ കൃത്യ സമയത്ത് അവസരം ഉപയോഗിക്കാന്‍ അലര്‍ട്ടുകള്‍ സജ്ജമാക്കുക.

6. ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍

സ്വര്‍ണ്ണത്തിനും വെള്ളിക്കും ഈ വര്‍ഷം റെക്കോര്‍ഡ് വിലയാണ്. ഈ ലോഹങ്ങളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ശുഭകരമായ സമയമായാണ് ഉത്സവ സീസണിനെ കണക്കാക്കുന്നത്. വില വര്‍ദ്ധിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ഭൗതിക സ്വര്‍ണമോ വെള്ളിയോ വാങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ വഴി ഫണ്ടിന്റെ ഒരൊറ്റ യൂണിറ്റ് മാത്രം വാങ്ങിക്കൊണ്ട് ആര്‍ക്കും ഈ ആസ്തികളില്‍ നിക്ഷേപം തുടങ്ങാം. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിനായി നിക്ഷേപത്തിന്റെ 10% - 15% ഇവയ്ക്കായി നീക്കിവയ്ക്കുന്നത് പരിഗണിക്കാവുന്നതാണ്.

7. ബജറ്റ് പരിശോധിക്കുക

പുതിയ വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ വാങ്ങുന്നതിനാല്‍ ദീപാവലി സമയത്ത് പ്രതിമാസ ബജറ്റ് താളം തെറ്റാന്‍ സാധ്യതയുണ്ട്. സാധാരണയായി നിക്ഷേപത്തിനായി മാറ്റിവയ്ക്കുന്ന പണം ഉത്സവച്ചെലവുകള്‍ക്കായി വഴിമാറിപ്പോകാന്‍ ഇത് കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍, മുഹൂര്‍ത്ത വ്യാപാരത്തിനായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക നേരത്തെ മാറ്റി വയ്ക്കുക. ചെലവുകള്‍ ട്രാക്ക് ചെയ്യാനും ബജറ്റിനകത്ത് നില്‍ക്കുന്നു എന്നത് ഉറപ്പാക്കാനും പ്രത്യേക ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.

8. വ്യാജ സ്റ്റോക്ക് ടിപ്പുകള്‍ വിശ്വസിക്കാതിരിക്കുക

ദീപാവലിയോടനുബന്ധിച്ച്, സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്ന അനധികൃത അക്കൗണ്ടുകള്‍ ധാരാളമായി കണ്ടേക്കാം. ഗവേഷണ വിശകലന വിദഗ്ധരുടെയും ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും പിന്തുണയുള്ള വിശ്വസനീയമായ ഉപദേശങ്ങള്‍ മാത്രം സ്വീകരിക്കുക.

നിയമപരമായ മുന്നറിയിപ്പ് : ഈ ലേഖനം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമുള്ളതാണ്, ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശമോ ശുപാര്‍ശയോ അല്ല