കോവിഡ് മഹാമാരിയുടെ സമയത്ത് തുടങ്ങിയ ഈ തീരുമാനം മുകേഷ് അംബാനി ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിലെ അതിസമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് ഈ സാമ്പത്തിക വര്‍ഷവും ശമ്പളമില്ല. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് അംബാനി തന്റെ പ്രതിഫലം പൂര്‍ണ്ണമായി വേണ്ടെന്ന് വെക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് തുടങ്ങിയ ഈ തീരുമാനം അദ്ദേഹം ഇപ്പോഴും തുടരുകയാണ്. ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം ഉപേക്ഷിച്ചു.
2009 മുതല്‍ 2020 വരെ അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 15 കോടി രൂപയായി സ്വമേധയാ പരിമിതപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ തലപ്പത്ത് ഇപ്പോഴും അദ്ദേഹമുണ്ടെങ്കിലും, ഒരു രൂപ പോലും പ്രതിഫലമായി വാങ്ങുന്നില്ല. ഇതുപ്രകാരം 2025 സാമ്പത്തിക വര്‍ഷത്തിലും അദ്ദേഹത്തിന്റെ ശമ്പളം പൂജ്യമാണ്. നിലവില്‍ 103.3 ബില്യണ്‍ ഡോളര്‍ ( 9,05,941 കോടി രൂപ) ആസ്തിയുള്ള മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ ലോകത്തെ 18-ാമത്തെ അതിസമ്പന്നനാണ്.
മക്കളുടെ ശമ്പളം കൂടി
അതേ സമയം മുകേഷ് അംബാനിയുടെ മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ക്ക് ശമ്പളം വര്‍ധിച്ചു. 2023 ഒക്ടോബറില്‍ കമ്പനിയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ബോര്‍ഡില്‍ പ്രവേശിച്ച ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2025 സാമ്പത്തിക വര്‍ഷത്തില്‍ 2.31 കോടി രൂപ വീതം ലഭിച്ചു. ഇതില്‍ 0.06 കോടി രൂപ സിറ്റിംഗ് ഫീസും 2.25 കോടി രൂപ കമ്മീഷനുമാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.01 കോടി രൂപയായിരുന്നു.
മറ്റുള്ളവരുടെ പ്രതിഫലം
കമ്പനിയുടെ മറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നിഖില്‍ മെസ്വാണിക്കും ഹിതാല്‍ മെസ്വാണിക്കും 25 കോടി രൂപ വീതമാണ് ശമ്പളം. പി.എം.എസ്. പ്രസാദിന് 19.96 കോടി രൂപയും ലഭിച്ചു. 2023 ഓഗസ്റ്റില്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ച നിതാ അംബാനിക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ 0.99 കോടി രൂപ ലഭിച്ചു. എന്നാല്‍ 2025-ലെ പട്ടികയില്‍ അവരുടെ പേര് ഇല്ല.
ഡിവിഡന്‍ഡിലൂടെ കോടികള്‍ ശമ്പളം വാങ്ങുന്നില്ലെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ അംബാനി കുടുംബത്തിനുള്ള 50.33% ഓഹരികള്‍ വഴി വന്‍ വരുമാനം ലഭിക്കുന്നുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 10 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതോടെ, 332.27 കോടി ഓഹരികളുള്ള അംബാനി കുടുംബത്തിന് ലാഭവിഹിതമായി 3,322.7 കോടി രൂപയാണ് ലഭിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതത്തിനായി ഓഗസ്റ്റ് 14-നാണ് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ രേഖകള്‍ അനുസരിച്ച്, മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവുകള്‍ കമ്പനിയുടെ ബാധ്യതയായി കണക്കാക്കില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

