സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ ജൂൺ 10 മുതൽ സർവീസ് ആരംഭിക്കുന്നു. ലണ്ടനിലേക്കുള്ള ആദ്യ സർവീസോടെ യൂറോപ്പിലേക്കുള്ള പ്രവാസി യാത്ര എളുപ്പമാകും. ജിദ്ദ, ദുബായ്, കെയ്റോ അടക്കം പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച കമ്പനി, സൗദി വിഷൻ 2030-ന്റെ ഭാഗമായി ആഗോള ഹബ്ബായി മാറാൻ ലക്ഷ്യമിടുന്നു.
റിയാദ്: വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ കുതിപ്പിന് വേഗം കൂട്ടിക്കൊണ്ട് പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ മറ്റന്നാൾ (ജൂൺ 10) മുതൽ പറന്നുയരും. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതോടെയാണ്, മുൻപ് ജൂലൈ ഒന്നിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ലണ്ടനിലേക്കുള്ള ആദ്യ സർവീസ് രണ്ട് വാരം മുൻപേ ആരംഭിക്കുന്നത്. ഇതോടെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് റിയാദ് വഴി എളുപ്പത്തിൽ കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭ്യമാകും. വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കും സർവീസുകൾ ഉണ്ടാകും.
അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിക്കൊണ്ടാണ് റിയാദ് എയർ ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വ്യോമയാന രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുത്തൻ വിമാനങ്ങൾ പൊതുസമക്ഷം അവതരിപ്പിച്ചത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ലണ്ടൻ സർവീസിന് പുറമെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ അഞ്ച് പുതിയ പ്രമുഖ നഗരങ്ങളിലേക്ക് കൂടി റിയാദ് എയർ സർവീസുകൾ പ്രഖ്യാപിക്കുകയും ടിക്കറ്റ് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദ, ദുബായ്, കെയ്റോ, മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകൾ. ഘട്ടങ്ങളായാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. ജൂൺ 14 ന് ജിദ്ദയിലേക്കുള്ള ആഭ്യന്തര സർവീസോടെയാണ് ഇതിന് തുടക്കമാകുന്നത്. തൊട്ടുപിന്നാലെ ജൂൺ 18 ന് ദുബൈയിലേക്കും ജൂൺ 25-ന് കെയ്റോയിലേക്കും വിമാനങ്ങൾ പറന്നുയരും. യൂറോപ്യൻ നഗരങ്ങളായ മാഡ്രിഡിലേക്ക് ജൂലൈ 17-നും മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23-നുമാണ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.
ബിസിനസ്, ടൂറിസം, വ്യാപാര മേഖലകളിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. കമ്പനിയുടെ ഭാവി വിമാനശൃംഖലയുടെ നട്ടെല്ലായ അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഈ സർവീസുകളെല്ലാം നടത്തുക. ഇതേ വിഭാഗത്തിൽപ്പെട്ട 72 വിമാനങ്ങളാണ് റിയാദ് എയർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും സൗദി അറേബ്യയുടെ പരമ്പരാഗത ആതിഥ്യമര്യാദയും സമന്വയിപ്പിച്ച് യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഒരു വശത്ത് യൂറോപ്പും അമേരിക്കയും, മറുവശത്ത് മിഡിൽ ഈസ്റ്റും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസിറ്റ് ഇടനാഴിയായി റിയാദ് മാറും.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും റിയാദ് എയർ നിർണായക പങ്കുവഹിക്കുമെന്ന് ചെയർമാൻ യാസിർ അൽ റുമയ്യാൻ പറഞ്ഞു. 2030 ഓടെ സൗദി തലസ്ഥാനമായ റിയാദിനെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ശേഷിയുള്ള അത്യാധുനിക വിമാനശേഖരം കെട്ടിപ്പടുക്കുകയാണ് കമ്പനിയുടെ അന്തിമ ലക്ഷ്യം. ഇത് രാജ്യത്തെ വ്യോമയാന, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകൾക്ക് വൻ വികസന സാധ്യതകളാണ് തുറന്നുനൽകുന്നത്.

