കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കൊക്കെയ്ൻ, ഹാഷിഷ് എന്നിവയുമായി മൂന്ന് കുവൈത്ത് പൗരന്മാരും, മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി ഒരു ഈജിപ്ഷ്യൻ പ്രവാസിയുമാണ് അറസ്റ്റിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്ന് കുവൈത്ത് പൗരന്മാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. സൂക്ഷ്മമായ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ കൈവശം നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി പ്രവാസി പിടിയിൽ
കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. കൃത്യമായ അന്വേഷണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി കൂടാതെ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.


