ടിസിഎസ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനു പുറമെ, പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുകയും ആഗോള തലത്തില്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് നിര്‍ത്തിവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും ബിസിനസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറുന്നതോടെ, സമീപഭാവിയില്‍ ഐടി മേഖലയില്‍ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് ഐടി വ്യവസായ കൂട്ടായ്മയായ നാസ്‌കോം . പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തങ്ങളുടെ 2% ജീവനക്കാരെ, അതായത് ഏകദേശം 12,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാസ്‌കോമിന്റെ ഈ മുന്നറിയിപ്പ് .സാങ്കേതിക വ്യവസായം ഒരു വഴിത്തിരിവിലാണെന്നും എഐയും ഓട്ടോമേഷനും ബിസിനസ്സുകളുടെ പ്രവര്‍ത്തന ശൈലിയുടെ കാതലായി മാറുകയാണെന്നും അടുത്ത കുറച്ച് മാസങ്ങളില്‍ സ്ഥാപനങ്ങള്‍ ഉല്‍പ്പന്ന കേന്ദ്രീകൃത ഡെലിവറി മോഡലുകളിലേക്ക് തിരിയുന്നത്് ചില മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും നാസ്‌കോം പ്രസ്താവനയില്‍ പറയുന്നു. ഇത് പരമ്പരാഗത സേവന വിതരണ രീതികളെ മാറ്റിയെഴുതാനും,അത് വഴി ചില ജീവനക്കാരെ ഒഴിവാക്കുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടിസിഎസ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനു പുറമെ, പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുകയും ആഗോള തലത്തില്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് നിര്‍ത്തിവെക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസിന്റെ ഈ നീക്കം, ഈ മേഖലയിലെ തൊഴില്‍ സ്ഥിരതയെക്കുറിച്ചുള്ള ധാരണയെ തകര്‍ത്തു എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. അതേ സമയം ഓരോ തടസ്സവും പുതിയ റോളുകളും, പുതിയ മൂല്യ ശൃംഖലകളും, പുതിയ അവസരങ്ങളും കൊണ്ടുവരുമെന്ന് നാസ്‌കോം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. 2025-ന്റെ നാലാം പാദം വരെ, 1.5 ദശലക്ഷത്തിലധികം ഐടി പ്രൊഫഷണലുകള്‍ക്ക് എഐ, ജനറേറ്റീവ് എഐ മേഖലകളില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും നാസ്‌കോം അറിയിച്ചു. എഐ നേറ്റീവ് ക്ലൗഡ്, എംബെഡഡ് എഐ, അപ്ലൈഡ് ഇന്റലിജന്‍സ് സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നൂതന എഐ നൈപുണ്യ വികസന സംരംഭങ്ങള്‍ 95,000-ത്തിലധികം ജീവനക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍, കൂടുതല്‍ ആഴത്തിലുള്ള, പ്രത്യേക കഴിവുകളുള്ള ആളുകള്‍ക്കായിരിക്കും ജോലി ലഭിക്കാന്‍ സാധ്യത കൂടുതലെന്നും നാസ്‌കോം പറഞ്ഞു.