തുര്‍ക്കി രാഷ്ട്രീയവുമായി എല്‍കര്‍ ഐജെക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ ആര്‍എസ്എസും രംഗത്തെത്തി. ഐജെ സ്ഥാനം ഏറ്റെടുക്കില്ലെന്ന്  ടാറ്റയും സ്ഥിരീകരിച്ചു. 

ദില്ലി: എയര്‍ ഇന്ത്യയുടെ (Air India) ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (CEO) ചുമത ഏറ്റെടുക്കില്ലെന്ന് തുര്‍ക്കി സ്വദേശിയായ എല്‍കര്‍ ഐജെ (Ilker Ayci). ഫെബ്രുവരി 14നാണ് എല്‍കര്‍ ഐജെയെ എയര്‍ ഇന്ത്യയുടെ സിഇഒ ആയി നിയമിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് (Tata Group) പ്രഖ്യാപിച്ചത്. തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. തുര്‍ക്കി രാഷ്ട്രീയവുമായി എല്‍കര്‍ ഐജെക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ ആര്‍എസ്എസും (RSS) രംഗത്തെത്തി. ഐജെ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ടാറ്റയും സ്ഥിരീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ 1994ല്‍ ഇസ്താംബുള്‍ മേയര്‍ ആയിരുന്നപ്പോള്‍ ഐജെ ഉപദേശകനായിരുന്നുവെന്നാണ് ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടിയത്. എന്‍ഡിടിവിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2022 ജനുവരി 26നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ സ്ഥാനം ഐജെ രാജിവച്ചത്. 'എയര്‍ ഇന്ത്യയില്‍ എന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതായി അറിഞ്ഞു. ബിസിനസുകാരന്‍ എന്ന നിലയില്‍ തൊഴില്‍ ഉയര്‍ച്ച മാത്രമാണ് എന്റെ ലക്ഷ്യം. വിവാദമുണ്ടായ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എല്‍കര്‍ ഐജയുടെ തീരുമാനം എയര്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. ഇയാളുടെ നിയമനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയില്‍ വിദേശ പൗരന്മാരെ നിയമിക്കുന്നതിന് സര്‍്ക്കാര്‍ അനുമതി ആവശ്യമാണ്. 

2022 ഏപ്രില്‍ 1 ന് മുമ്പായി എയര്‍ ഇന്ത്യ എംഡിയായി എല്‍കര്‍ ഐജെ സ്ഥാനം ഏറ്റെടുക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നത്. 2015 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. തുര്‍ക്കിയുടെ വിമാന കമ്പനിയെ ആധുനിക വത്കരിച്ച വ്യക്തിയായാണ് ഇദ്ദേഹം അറിയിപ്പെടുന്നത്. ഫെബ്രുവരി 14നാണ് എല്‍കര്‍ ഐജെയെ നിയമിക്കുന്ന കാര്യം എയര്‍ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പങ്കെടുത്ത ബോര്‍ഡി മീറ്റിംഗിലാണ് ഐസിയുടെ നിയമനം അംഗീകരിച്ചത്.

1971ല്‍ ഇസ്താംബൂളിലാണ് എല്‍കര്‍ ഐജെയുടെ ജനനം. ബില്‍കെന്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ (1994) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1995- ല്‍ യു കെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ എല്‍ക്കര്‍ 1997-ല്‍ ഇസ്താംബൂളിലെ മര്‍മര യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മാസ്റ്റേഴ്സ് പ്രോഗ്രാം പൂര്‍ത്തിയാക്കി. 1994 ലാണ് ഇല്‍ക്കര്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നാല് കമ്പനികള്‍ മുന്നോട്ട് വന്നിരുന്നു. അവസാന റൗണ്ടിലെത്തിയത് ടാറ്റയും സ്‌പൈസ് ജെറ്റുമായിരുന്നു. തുടര്‍ന്ന് സ്‌പൈസ് ജെറ്റിനെ തള്ളി ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.