നിലവിലെ ഡയറക്ടര്‍മാരുടെയും എംഡിമാരുടെയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. 

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകളിലെ ഉന്നത പദവികളിലേക്കുളള നിയമനങ്ങളില്‍ മാറ്റം. ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍, മുഴുവന്‍ സമയ ഡയറക്ടര്‍ തസ്തികകളിലേക്ക് ഇനിമുതല്‍ ജനപ്രതിനിധികളെ നിയമിക്കാനാകില്ല. ഇത്തരം തസ്തികകളിലേക്ക് എംപി, എംഎല്‍എ, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവരെ നിയമിക്കാന്‍ പാടില്ല. 

ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്കാണ് പുറപ്പെടുവിച്ചത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉന്നത പദവികളില്‍ നിയമിതരാകാൻ യോഗ്യരല്ല. നിയമനം ലഭിക്കുന്നവര്‍ 35 വയസ്സിന് മുകളിലുളളവരും ബിരുദാനന്തര ബിരുദധാരികളുമായിരിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എംബിഎ (ഫിനാന്‍സ്), ബാങ്കിംഗ് അല്ലെങ്കില്‍ സഹകരണ ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ എന്നീ യോഗ്യതകളിലൊന്നും ആവശ്യമാണ്. 

നിലവിലെ ഡയറക്ടര്‍മാരുടെയും എംഡിമാരുടെയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. ഇതിന് റിസര്‍വ് ബാങ്കിന്റെ അംഗീകരവും വാങ്ങണം. നിയമിക്കപ്പെടുന്ന വ്യക്തിയെ 15 വര്‍ഷത്തിലധികം തസ്തികളില്‍ നിലനിര്‍ത്താനും കഴിയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona