വാടകയ്ക്ക് നല്‍കിയ വീടുകളുടെ നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കാര്യങ്ങളിലാണ് ബില്ലിലെ 22-ാം വകുപ്പില്‍ വ്യക്തത വരുത്തിയിരിക്കുന്നത്

പുതിയ നികുതി ബില്ലില്‍ ഭവന വരുമാനം സംബന്ധിച്ച നിയമങ്ങളില്‍ ലോക്സഭാ സെലക്ട് കമ്മിറ്റി നിര്‍ണായക ഭേദഗതികള്‍ വരുത്തി. ഭവന വായ്പ എടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ നീക്കം. വാടകയ്ക്ക് നല്‍കിയ വീടുകളുടെ നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കാര്യങ്ങളിലാണ് ബില്ലിലെ 22-ാം വകുപ്പില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. നിലവിലെ നികുതി നിയമങ്ങളിലെ പ്രധാന വ്യവസ്ഥകള്‍ പുതിയ ബില്ലിലും നിലനിര്‍ത്തുമെന്ന് ഇതോടെ ഉറപ്പായി.

എന്തൊക്കെയാണ് ഭേദഗതികള്‍?

1. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: വീടിന്റെ വാര്‍ഷിക മൂല്യത്തില്‍ നിന്ന് മുനിസിപ്പല്‍ നികുതികള്‍ കുറച്ച ശേഷം ലഭിക്കുന്ന തുകയുടെ 30% സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കണക്കാക്കാമെന്ന് ബില്ലില്‍ വ്യക്തമാക്കും. മുന്‍പ്, ഈ കണക്കുകൂട്ടലില്‍ അവ്യക്തതയുണ്ടായിരുന്നു.

2. നിര്‍മാണത്തിന് മുന്‍പുള്ള പലിശ: വീട് നിര്‍മിക്കുന്നതിന് മുന്‍പുള്ള കാലയളവിലെ ഭവന വായ്പയുടെ പലിശ, വാടകയ്ക്ക് നല്‍കിയ വീടുകള്‍ക്കും നികുതിയിളവിനായി കണക്കാക്കാമെന്ന് ഉറപ്പാക്കും. നിലവിലെ നിയമത്തിലും ഈ വ്യവസ്ഥയുണ്ടെങ്കിലും പുതിയ ബില്ലില്‍ അത് വ്യക്തമാക്കാത്തത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ ഭേദഗതികള്‍ അംഗീകരിച്ചാല്‍, നിലവിലെ നിയമത്തിലെ ആനുകൂല്യങ്ങള്‍ അതേപടി തുടരും.

നിലവിലുള്ള ഇന്‍കം ടാക്‌സ് നിയമം, 1961 അനുസരിച്ച്, ഒരു വീടിന്റെ ഉടമയ്ക്ക് മുനിസിപ്പല്‍ ടാക്‌സ്, 30% സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, ഭവന വായ്പയുടെ പലിശ (വീടുപണിക്ക് മുന്‍പുള്ള പലിശ ഉള്‍പ്പെടെ) എന്നിവയ്ക്ക് ഇളവ് ലഭിക്കും. വീട് വഴി ഉണ്ടാകുന്ന നഷ്ടം മറ്റ് വരുമാനത്തില്‍ നിന്ന് വര്‍ഷം 2 ലക്ഷം രൂപ വരെ കിഴിവ് ചെയ്യാന്‍ സാധിക്കും. ബാക്കിയുള്ള തുക 8 വര്‍ഷത്തേക്ക് അടുത്ത സാമ്പത്തിക വര്‍ഷങ്ങളിലേക്ക് മാറ്റിവെക്കാനും സാധിക്കും.

വാടകയ്ക്ക് നല്‍കിയ വീടിന് ഇളവ് എങ്ങനെ?

ഒരു വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ അതില്‍നിന്ന് ലഭിക്കുന്ന വാടക വരുമാനം 'ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിലാണ് വരുന്നത്. വാടകയ്ക്ക് കൊടുത്ത വീടിന് അടയ്ക്കുന്ന മുനിസിപ്പല്‍ ടാക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ (നെറ്റ് വാര്‍ഷിക മൂല്യത്തിന്റെ 30%), ഭവന വായ്പയുടെ പലിശ എന്നിവയ്ക്ക് നികുതിയിളവ് ലഭിക്കും.