ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലാണ് ബില്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്

നിയമത്തില്‍ നിരവധി പിശകുകള്‍ കടന്നുകൂടിയതും, വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടതിനാലുമാണ് ആദായ നികുതി ബില്‍ പിന്‍വലിച്ചതെന്ന് സൂചന. പരിഷ്‌കരിച്ച പുതിയ ബില്‍ ഓഗസ്റ്റ് 11-ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിലവിലെ ആദായനികുതി നിയമം 1961-ന് പകരമായി ഫെബ്രുവരി 13-നാണ് 2025-ലെ ആദായനികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലാണ് ബില്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

സെലക്ട് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍

ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി പുതിയ ആദായനികുതി ബില്ലിലെ പല വ്യവസ്ഥകളിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ചൂണ്ടിക്കാണിച്ച പിശകുകള്‍ സമിതിയും ശരിവെച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

സമിതി ചൂണ്ടിക്കാട്ടിയ പ്രധാന പിഴവുകള്‍ ഇവയാണ്:

ക്ലോസ് 21: ഹൗസ് പ്രോപ്പര്‍ട്ടി

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്താനുള്ള സാധ്യത ഈ ബില്ലിലുണ്ടെന്ന് സമിതി കണ്ടെത്തി. നിലവിലെ നിയമത്തിലെ 'ഡീമിങ് റെന്റ്' എന്ന ആശയം പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. അതായത്, ഒരു വീടിന് ലഭിക്കാവുന്ന വാടകയെക്കുറിച്ചുള്ള ഏകദേശ കണക്ക് അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം തുടര്‍ന്നും നിലനിര്‍ത്തണം.

ക്ലോസ് 22: ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം കുറയ്ക്കല്‍

മുനിസിപ്പല്‍ ടാക്‌സ് കുറച്ചതിന് ശേഷം മാത്രമേ ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനത്തിന് 30% കിഴിവ് നല്‍കാവൂ എന്ന് ക്ലോസ് 22(1)(a)യില്‍ വ്യക്തമാക്കണം.

ക്ലോസ് 22(2) പ്രകാരം, നിര്‍മ്മാണത്തിന് മുന്‍പുള്ള പലിശയിനത്തില്‍, താമസിക്കുന്ന വീടുകള്‍ക്ക് മാത്രമല്ല, വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ക്കും കിഴിവ് നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു. നിലവിലെ നിയമത്തിലെ ഈ വ്യവസ്ഥ പുതിയ ബില്ലില്‍ നിന്നും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സമിതിയുടെ ഇടപെടല്‍.

ക്ലോസ് 19: പെന്‍ഷന്‍ സംബന്ധിച്ച വ്യവസ്ഥ

വിവിധ തരം പെന്‍ഷന്‍കാര്‍ക്ക് വിവേചനമില്ലാത്ത നികുതി വ്യവസ്ഥ കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന കമ്മ്യൂട്ടഡ് പെന്‍ഷന് കിഴിവ് അനുവദിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.

ക്ലോസ് 20: വാണിജ്യ കെട്ടിടങ്ങള്‍

വാണിജ്യ കെട്ടിടങ്ങള്‍ക്ക് 'ഹൗസ് പ്രോപ്പര്‍ട്ടി' എന്ന വിഭാഗത്തില്‍ നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന അവ്യക്തത സമിതി ചൂണ്ടിക്കാട്ടി. വാടകക്ക് നല്‍കിയിട്ടില്ലാത്തതോ, താല്‍ക്കാലികമായി ഉപയോഗിക്കാത്തതോ ആയ വാണിജ്യ കെട്ടിടങ്ങള്‍ക്കും ഹൗസ് പ്രോപ്പര്‍ട്ടി നികുതി ചുമത്താന്‍ പുതിയ ബില്ലിലെ വാക്കുകള്‍ക്ക് സാധിക്കുമായിരുന്നു.

'occupy' എന്നതിന് പകരം 'as he may occupy' എന്ന് മാറ്റണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഇത് നിലവിലെ നിയമത്തിന് സമാനമായ ഭാഷയാണ്. അതുവഴി ഉപയോഗിക്കാത്തതോ, ഉപയോഗിക്കാന്‍ തയ്യാറായതോ ആയ വാണിജ്യ കെട്ടിടങ്ങള്‍ക്ക് അന്യായമായി നികുതി ചുമത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമെന്നും സമിതി വിലയിരുത്തി.

ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തിരുത്തിയ പുതിയ ബില്‍ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കും.