ഹൈസ്കൂളിന് മുൻപുള്ള വിദ്യാർത്ഥികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ശൃംഖലയായ ന്യൂയോർക്ക് സിറ്റി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കുന്നതിനും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ന്യൂയോർക്ക്: സ്‌കൂൾ കുട്ടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ നെറ്റ്‍വർക്കായ ന്യൂയോർക്ക് സിറ്റി. ഹൈസ്‌കൂൾ തലത്തിന് മുൻപുള്ള വിദ്യാർത്ഥികൾക്കാണ് എഐ ഉപയോഗത്തിന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വിലക്കേർപ്പെടുത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കുന്നതിനും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുമാണ് ഈ നിർണ്ണായക തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 6 ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് ഒരു വർഷത്തെ ഈ വിലക്ക് ബാധിക്കുക. 14 വയസിന് മുകളിലുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് എഐ സാങ്കേതികവിദ്യയുടെ ചില പ്രത്യേക പൈലറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ അനുമതി നൽകുക. കൂടാതെ, ഇവർക്ക് വർഷത്തിൽ രണ്ടുതവണ എഐ സാക്ഷരതാ ക്ലാസുകളും നൽകും. എന്നാൽ, കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനെന്ന പേരിൽ ഉപയോഗിക്കുന്ന 'കമ്പാനിയൻ ചാറ്റ്‌ബോട്ടുകൾ' (Companion chatbots) എല്ലാ ക്ലാസുകളിലെ കുട്ടികൾക്കും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
കുട്ടികളുടെ വളർച്ചയ്ക്കും പഠനത്തിനും അധ്യാപകരും നേരിട്ടുള്ള മനുഷ്യബന്ധങ്ങളുമാണ് ആവശ്യം. സഹപാഠികൾക്കൊപ്പം കഴിവുകൾ വികസിപ്പിക്കാനും, അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കാനും, ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനുമാണ് കുട്ടികൾ ശീലിക്കേണ്ടതെന്നും മംദാനി കൂട്ടിച്ചേർത്തു. അതേസമയം, അധ്യാപകർക്ക് എഐ ഉപയോഗിക്കാൻ അനുമതിയുണ്ടാകും.


