ദില്ലി: കൊവിഡ് 19 നെ തുടർന്ന് ഏറെക്കുറെ ചലനമറ്റ വിപണിയെ പിടിച്ചുയർത്താൻ അമേരിക്ക നടത്തിയ ഇടപെടലുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി. യുഎസ് ഫെഡ് റിസർവ് പൂജ്യം ശതമാനമായി കുറച്ചതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ഈയാഴ്ചയിലെ ആദ്യ വ്യാപാര ദിവസമായ ഇന്ന് സെൻസെക്സ് 1763 പോയിന്റ് നഷ്ടത്തിൽ 32391 ലും നിഫ്റ്റി 485 പോയിന്റ് ഇടിഞ്ഞ് 9475 ലുമാണ് വ്യാപാരം ആരംഭിച്ചത്.

പലിശ നിരക്ക് കുറച്ചതിന് പുറമെ, സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ 700 ബില്യണ്‍ ഡോളറിന്റെ പാക്കേജും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകരിൽ നല്ലൊരു ശതമാനം അമേരിക്കൻ വിപണിയിലേക്ക് മാറി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 190 ഓഹരികള്‍ നേട്ടത്തിലും 730 ഓഹരികള്‍ നഷ്ടത്തിലുമാണ്. 62 ഓഹരികള്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

കൊവിഡ്-19 ഭീതിയില്‍ ആഗോള  എണ്ണ വിപണിയും ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോഴും നേരിടുന്നത്. ഇന്ന് ബ്രെന്റ് ക്രൂഡ് വിലയില്‍  1.83 ഡോളര്‍ ഇടിഞ്ഞ്  32.02 ഡോളറിലേക്കെത്തി.  യുഎസ് ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1,985 പോയിന്റ് താഴ്ന്ന് അതായത് 9.36 ശതമാനം ഇടിവ് രേഖപ്പെടുത്തി. 23,185.62 ലേക്കെത്തിയാണ് വ്യാപാരം.