സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഫലം കാണുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകളും 2.63 ലക്ഷത്തിലധികം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രധാന നടപടികള്‍:

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ : എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളെയും ഏകോപിതമായും സമഗ്രമായും നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക വിഭാഗമായി ഐ4സി (I4C) സ്ഥാപിച്ചു.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ : I4C-യുടെ ഭാഗമായി, പൊതുജനങ്ങള്‍ക്ക് എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യുന്നതിനായി https://cybercrime.gov.in എന്ന പോര്‍ട്ടല്‍ ആരംഭിച്ചു. ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ എഫ്‌ഐആര്‍ ആക്കി മാറ്റുന്നതും തുടര്‍നടപടികളും അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്നു.

സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം : സാമ്പത്തിക തട്ടിപ്പുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്നത് തടയാനും 2021-ല്‍ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിംഗ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചു. ഇത് വഴി ഇതുവരെ 17.82 ലക്ഷത്തിലധികം പരാതികളില്‍ നിന്ന് 5,489 കോടിയിലധികം രൂപ സംരക്ഷിക്കാനായി. സൈബര്‍ പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് 1930 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറും ലഭ്യമാണ്.

സൈബര്‍ ഫ്രോഡ് മിറ്റിഗേഷന്‍ സെന്റര്‍ : പ്രധാന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പേയ്മെന്റ് അഗ്രഗേറ്റര്‍മാര്‍, ടെലികോം സേവന ദാതാക്കള്‍, ഐടി സ്ഥാപനങ്ങള്‍, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ഉടനടി നടപടിയെടുക്കാനും തടസ്സമില്ലാത്ത സഹകരണത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള വേദിയാണിത്.