ദില്ലി: 2024- 25 ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയെന്ന ലക്ഷ്യം കൈവരിക്കാനുളള മാര്‍ഗരേഖ മുന്നോട്ടുവച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 102 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്ന് ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിലൂടെ 2025 ആകുമ്പോള്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

സെപ്റ്റംബറില്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയിരുന്നു. 2019- 20 മുതല്‍ 2024- 25 വര്‍ഷത്തിനിടെ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകളുടെ മാര്‍ഗരേഖ തയ്യാറാക്കുകയാണ് ടാസ്ക് ഫോഴ്സിന്‍റെ ലക്ഷ്യം. 100 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ പ്രോജക്ടുകള്‍ ടാസ്ക് ഫോഴ്സ് തയ്യാറാക്കും. 

ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പ്രോജക്ടുകൾ ഉൾപ്പെടെ 100 പ്രധാന കോസ്റ്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ 100 കോടി രൂപയ്ക്ക് മുകളിലാണ് ടാസ്‌ക് ഫോഴ്‌സ് ആസൂത്രണം ചെയ്തിരുന്നത്. 

അടിസ്ഥാന സൗകര്യം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ നിക്ഷേപകർ അടിസ്ഥാന സൗകര്യ രംഗത്തിന്റെ മുപ്പത് ശതമാനം സംഭാവന നൽകി, ആഗോള നിക്ഷേപ സംഗമം 2020 ന്‍റെ രണ്ടാം പകുതിയോടെ ഇന്ത്യയിൽ നടത്തും.