Asianet News MalayalamAsianet News Malayalam

​നികുതിയിളവിന് സാധ്യതയില്ല; വളർച്ചയുറപ്പാക്കാൻ നിർമ്മല സീതാരാമൻ്റെ പെട്ടിയിൽ എന്തുണ്ടാകും ?

പൊതു രംഗത്ത് കൂടുതൽ പണം ചെലവഴിക്കുക എന്നതാണ് സർക്കാരിനു മുന്നിലുള്ള പ്രധാന നിർദ്ദേശം. ഒപ്പം വാക്സിനേഷൻ 130 കോടി ജനങ്ങളിലേക്കും എത്തണം. ഇതിനായി കൊവിഡ് സെസ് എന്ന നിർദ്ദേശം വരുന്നുണ്ട്.

nirmala sithraman to present union budget tomorrow no chance for tax exemptions
Author
Delhi, First Published Jan 31, 2021, 2:05 PM IST

ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന പൊതു ബജറ്റിൽ കാര്യമായ നികുതി ഇളവിന് സാധ്യതയില്ല. വളർച്ച ഉറപ്പാക്കാനും കർഷകരെ കൂടെ നിര്‍ത്താനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും. പതിനഞ്ചാം ധനകാര്യകമ്മീഷൻ റിപ്പോർട്ടും ധനമന്ത്രി സഭയിൽ വയ്ക്കും. കൊവിഡ് സെസിനുള്ള നിർദ്ദേശം വന്നാൽ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷം തീരുമാനം.

ഒരു വർഷത്തിൽ മൂന്നോ നാലോ മിനിബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞു. ഇതിൻറെ തുടർച്ചയാകും നാളത്തെ ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ പൊതു ബജറ്റിൻറെ സ്വഭാവം എന്താകും എന്ന സൂചന നൽകിയിരുന്നു. കൊവിഡ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത് വലിയ ഇടിവാണ്. എന്നാൽ ഇപ്പോൾ തിരിച്ചുവരവിൻ്റെ ലക്ഷണം കാണുന്നുണ്ട്. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതിലും കൂടി. ഉത്പാദന രംഗത്ത് മാറ്റം ദൃശ്യമാണ്. എങ്കിലും ടൂറിസവും റിയൽ എസ്റ്റേറ്റും ബാങ്കിംഗും ഉൾപ്പടെയുള്ള മേഖലകളിലെ തകർച്ച തുടരുകയാണ്. 

ഈ സാഹചര്യത്തിൽ പൊതു രംഗത്ത് കൂടുതൽ പണം ചെലവഴിക്കുക എന്നതാണ് സർക്കാരിനു മുന്നിലുള്ള പ്രധാന നിർദ്ദേശം. ഒപ്പം വാക്സിനേഷൻ 130 കോടി ജനങ്ങളിലേക്കും എത്തണം. ഇതിനായി കൊവിഡ് സെസ് എന്ന നിർദ്ദേശം വരുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ രാഷ്ട്രീയമായി തിരിച്ചടി ആയേക്കാവുന്ന ഈ നിർദ്ദേശം ഒഴിവക്കണം എന്ന വികാരം ഭരണകക്ഷിയിലുമുണ്ട്. 

ആദായനികുതി കാര്യമായി കുറയ്ക്കില്ല. എന്നാൽ ഭവന, ടൂറിസം മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഇളവുകൾ പ്രതീക്ഷിക്കാം. സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ച് കള്ളക്കടത്ത് നേരിടണം എന്ന ആലോചനയുണ്ട്. കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകുന്ന പദ്ധതി നീട്ടും. തൊഴിലുറപ്പ് പദ്ധതിക്കും കൂടുതൽ തുക വകയിരുത്തും. ആരോഗ്യരംഗത്തിന് പ്രത്യേക ശ്രദ്ധ ബജറ്റിലുണ്ടാകും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ പേരിൽ കൂടുതൽ രംഗങ്ങളിൽ സ്വകാര്യനിക്ഷേപത്തിനുള്ള നിർദ്ദേശവും പ്രതീക്ഷിക്കുന്നു. ധനകമ്മി രണ്ടു ശതമാനമെങ്കിലും ഉയർന്നുള്ള ബജറ്റിനാണ് നിർമ്മല സീതാരാമൻ തയ്യാറെടുക്കുന്നത്.

ഓഹരി വിറ്റഴിക്കൽ, സ്പെക്ട്രം ലേലം എന്നിവയാണ് നികുതി അല്ലാതെ വരുമാനം കണ്ടെത്താൻ ധനമന്ത്രിക്ക് മുന്നിലുള്ള വഴി. പതിനഞ്ചാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് എത്ര വിഹിതം സംസ്ഥാനങ്ങൾക്ക് നൽകും എന്ന നിലപാടും നാളെ കേന്ദ്രം പ്രഖ്യാപിക്കാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios