തിരുവനന്തപുരം: നിസാന്‍ ഡിജിറ്റല്‍ ഹബിലെ ഡ്രൈവര്‍രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഗവേഷണത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യത്തില്‍ നികുതി ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി കൂടിയാലേചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹബിലെ ഗവേഷണങ്ങള്‍ക്കായി വിദേശത്ത് നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണമെന്ന് നിസാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. 

നിസാന്‍ ആവശ്യപ്പെട്ട എയര്‍ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കി. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം ഉടന്‍ വിളിക്കുന്നുണ്ട്. ഡ്രൈവര്‍രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് കാറുകളുടെയും ഗവേഷണത്തിന്‍റെ ആവശ്യത്തിനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കേണ്ടതുണ്ട്.   

നിസാന്‍ ആവശ്യപ്പെട്ട അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചുകൂട്ടാനും സര്‍ക്കാര്‍ തീരുമാനിച്ചു.