തിരുവനന്തപുരം: നിസാന്‍ കേരളം വിടുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ അധികൃതര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അതേക്കുറിച്ച് തന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ടോക്കിയോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. 

ഡിജിറ്റല്‍ ഹബിലെ ഗവേഷണങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത നിസാന്‍ പെട്രോള്‍ കാറിന് രജിസ്ട്രേഷന്‍ ചാര്‍ജ് ഒഴിവാക്കണമെന്നും ഇന്‍ഫോസിസ് ക്യാംപസ് ഉപയോഗിക്കുന്നതിനുളള വാടകക്കരാറിന് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിസാന്‍ കഴിഞ്ഞമാസം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് അനുകൂല തീരുമാനം എടുത്തു. 

ഇതിനൊപ്പം തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടുളള സര്‍വീസ് മെച്ചപ്പെടുത്തണമെന്നും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും നിസാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വികസന പദ്ധതികള്‍ നിസാന്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയാണ്. ടെക്നോപാര്‍ക്കിലെ ഫേസ് മൂന്നിലെ ഓഫീസില്‍ സ്ഥലം തികയാതെ വന്നതോടെ പുതിയ ഓഫീസിന് സ്ഥലം കണ്ടെത്താനുളള ശ്രമം കമ്പനിയുടെ ഭാഗത്ത് നിന്ന് തുടങ്ങി.

സംസ്ഥാന സര്‍ക്കാരുമായി ഉറച്ച പങ്കാളിത്തത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നതെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ടെന്നും നിസാന്‍ വ്യക്തമാക്കി. പള്ളിപ്പുറം ടെക്നോസിറ്റിയില്‍ സ്വന്തം ക്യാംപസ് നിര്‍മിക്കുന്നതിന്‍റെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. നിസാന്‍റെ സ്വന്തം ക്യാംപസുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മൂന്ന് മാസം കൂടുമ്പോള്‍ അവലോകന യോഗം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 

ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ നിസാന്‍ ഡിജിറ്റല്‍ ഹബിലും പങ്കാളിത്ത കമ്പനിയിലുമായി ഏതാണ്ട് ആയിരത്തോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടി ആയേക്കുമെന്നാണ് പ്രതീക്ഷ.