ബാങ്കുകളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ പുതിയ മാറ്റം പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നു. 

മുംബൈ: ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പിഴപ്പലിശ ഈടാക്കുന്നത് വിലക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശം നടപ്പാക്കാന്‍ സമയം നീട്ടിച്ചോദിച്ച് ബാങ്കുകള്‍. നിരവധി ബാങ്കുകള്‍ ഈ ആവശ്യം ഉന്നയിച്ച് ഇതിനോടകം റിസര്‍വ് ബാങ്കിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കുമായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2024 ജനുവരി ഒന്നാം തീയ്യതി മുതലാണ് പ്രാബല്യത്തില്‍ വരേണ്ടത്.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം വായ്പകളുടെ തിരിച്ചടവ് മുടക്കിയവരില്‍ നിന്ന് ബാങ്കുകള്‍ പിശപ്പലിശ ഈടാക്കുന്നതിന് പകരം ഒറ്റത്തവണയായി ഒരു പിഴത്തുക മാത്രമേ ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍ പിഴപ്പലിശയിലൂടെ മാത്രമേ തിരിച്ചടവിന്റെ കാര്യത്തില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ സാധിക്കൂ എന്നാണ് ബാങ്കുകളുടെ അഭിപ്രായം. ഇതിന് പുറമെ ബാങ്കുകളുടെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ പുതിയ മാറ്റം പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെടുന്നു. ഇത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടതായി ഒരു മുന്‍നിര പൊതുമേഖലാ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

തിരിച്ചടവിലെ വീഴ്ചകള്‍ക്കുള്ള പിഴകള്‍ പലിശ രൂപത്തില്‍ മാത്രമേ ഈടാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അത് ഉപഭോക്താക്കളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാമെന്നും ചില ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയും പലപ്പോഴും അതിലധികവുമൊക്കെ പിഴപ്പലിശ ഇനത്തില്‍ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കാറുണ്ട്. ബാങ്കുകള്‍ പിഴപ്പലിശയെ തങ്ങളുടെ വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗമായി കാണുകയാണെന്ന് റിസര്‍വ് ബാങ്കിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. 

വായ്പാ തിരിച്ചടവുകളില്‍ വീഴ്ച വരുന്നപക്ഷം ന്യായമായ ഒരു തുക മാത്രം പിഴയായി ഈടാക്കാണമെന്ന് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇത് 2024 തുടക്കം മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്ന സ്ഥാനത്താണ്. മാര്‍ച്ച് അവസാനം വരെ സമയം നീട്ടി നല്‍കണമെന്ന ആവശ്യവുമായി ബാങ്കുകള്‍ ആര്‍ബിഐയെ സമീപിച്ചത്. ദീര്‍ഘകാലമായി വായ്പകളുടെ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികള്‍ നേരിടുന്ന സാഹചര്യങ്ങളിലെ പിഴ തുകകള്‍ സംബന്ധിച്ച വ്യക്തതയും ബാങ്കുകള്‍ തേടിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...