ദില്ലി: എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കേണ്ടെന്ന് തീരുമാനം. കമ്പനിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനും വിലക്കുണ്ട്. അടുത്ത നാല് മുതല്‍ അഞ്ച് മാസത്തിനകം ദേശീയ വിമാനക്കമ്പനിയുടെ തന്ത്രപരമായ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 

50,000 കോടിക്ക് മുകളില്‍ കടബാധ്യതയുളള ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരിയും വില്‍ക്കാനാണ് സര്‍ക്കാരിന്‍റെ ആലോചന. ശേഷിക്കുന്ന അഞ്ച് ശതമാനം ഓഹരി ജീവനക്കാരുടെ കൂട്ടായ ഉടമസ്ഥതതയിലേക്ക് മാറ്റും. എയര്‍ ഇന്ത്യയില്‍ 10,000 സ്ഥിരം ജീവനക്കാരാണുളളത്. ദിവസവും ആകെ 15 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 

ജൂലൈ 15 വരെയുളള ബുക്ക് ഓഫ് അക്കൗണ്ട്സ് വച്ച് ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാരിന്‍റെ ആലോചന. 2018 ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാനായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 24 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചത് മൂലമാണ് ഓഹരി വില്‍പ്പന നടക്കാതെ പോയതെന്നാണ് ട്രാന്‍സാക്ഷന്‍ അഡ്വൈസറായ ഇവൈ അഭിപ്രായപ്പെട്ടത്.