ദില്ലി: ഇന്ത്യയിലെ ഏറ്റവും ധനികനാരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. അംബാനി കുടുംബത്തിലെ മൂത്ത പുത്രനായ മുകേഷ് അംബാനിയാണ് ധനികനെന്ന് കണക്കുകള്‍ നോക്കാതെ തന്നെ ഏവരും ഉത്തരം പറയും. എന്നാല്‍ ആ അംബാനിയുടെ ശമ്പളത്തിന്‍റെ കാര്യത്തില്‍ ഒരു വ്യാഴവട്ടമായിട്ടും മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2008-09ല്‍ വാങ്ങിയ അതേ ശമ്പളം തന്നെയാണ് മുകേഷ് അംബാനി ഇപ്പോഴും വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

15 കോടിയാണ് ഇക്കാലമത്രയും മുകേഷ് വാര്‍ഷിക ശമ്പളമായി കൈപ്പറ്റുന്നത്.  2009 ഒക്ടോബര്‍ പകുതിയിലാണ് അവസാനമായി തന്‍റെ ശമ്പളം അംബാനി പുതുക്കി നിശ്ചയിച്ചത്. ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം ശമ്പളവര്‍ധനവ് നടപ്പാക്കുന്ന മുതലാളി പക്ഷെ തന്‍റെ കാര്യത്തില്‍ മാത്രം അത് നടപ്പാക്കിയില്ല.