വലിയ പണി ഈ രണ്ട് രാജ്യങ്ങള്‍ക്കും കിട്ടാനിരിക്കുന്നതേയുള്ളൂ എന്ന് സൂചിപ്പിക്കുന്നതാണ് ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിന്‍റെ കണക്കുകള്‍.

ന്ത്യയും പാകിസ്ഥാനും സംഘര്‍ഷം തുടങ്ങിയപ്പോള്‍ പാക്കിസ്ഥാന് പിന്തുണകൊടുത്ത രണ്ട് രാജ്യങ്ങളാണ് തുര്‍ക്കിയും അസര്‍ബൈജാനും.. ലക്ഷകണക്കിന് ഇന്ത്യാക്കാര്‍ സന്ദര്‍ശിക്കുന്ന ഈ രണ്ട് രാജ്യങ്ങളെ ബഹിഷ്കരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് വിനോദ സഞ്ചാരികള്‍. എന്നാല്‍ അതിനേക്കാള്‍ വലിയ പണി ഈ രണ്ട് രാജ്യങ്ങള്‍ക്കും കിട്ടാനിരിക്കുന്നതേയുള്ളൂ എന്ന് സൂചിപ്പിക്കുന്നതാണ് ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിന്‍റെ കണക്കുകള്‍.  ഈ രാജ്യങ്ങള്‍ ഇന്ത്യയുമായി നടത്തുന്ന ആകെ വ്യാപാര ഇടപാടുകള്‍ ഒരു ലക്ഷം കോടിക്ക് മേലെയാണ്. അതില്‍ ഒന്ന് മാത്രമാണ് ടൂറിസം.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 2023 ല്‍ അസര്‍ബൈജാന്‍റെ അസംസ്കൃത എണ്ണയുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അസര്‍ബൈജാന്‍റെ മൊത്തം അസംസ്കൃത എണ്ണ കയറ്റുമതിയുടെ 7.6% ഇന്ത്യയിലേക്കാണ്. അതായത് പതിനായിരം കോടിയിലേറെ രൂപയുടെ എണ്ണ ഇന്ത്യ അസര്‍ബൈജാനില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അസര്‍ബൈജാനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 2005-ല്‍ ഏകദേശം 50 മില്യണ്‍ ഡോളറില്‍ നിന്ന് 2023-ല്‍ 1.435 ബില്യണ്‍ ഡോളറായി ഗണ്യമായി വര്‍ദ്ധിച്ചു, അത് വഴി ഇന്ത്യ അസര്‍ബൈജാന്‍റെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയായി.  അസര്‍ബൈജാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 1.235 ബില്യണ്‍ ഡോളറും കയറ്റുമതി 201 മില്യണ്‍ ഡോളറുമാണ്. അതായത് തങ്ങളുടെ വലിയൊരു വിപണിയേയാണ് അസര്‍ബൈജാന്‍ പിണക്കിയിരിക്കുന്നതെന്ന് സാരം.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 88,000 കോടി രൂപയുടേതാണ്.  ഇന്ത്യയിലേക്കുള്ള കയറ്റുമതി 6.65 ബില്യണ്‍ ഡോളറും ഇറക്കുമതി 3.78 ബില്യണ്‍ ഡോളറുമായിരുന്നു . തുര്‍ക്കിയെ സംബന്ധിച്ചിടത്തോളവും ഇന്ത്യ വലിയൊരു വിപണിയാണ്. 

ഡല്‍ഹിക്കും അസര്‍ബൈജാനിലെ ബാക്കുവിനും ഇടയില്‍ ആഴ്ചയില്‍ നേരിട്ടുള്ള പത്ത് വിമാന സര്‍വീസുകള്‍ഉണ്ട്. 7 എണ്ണം ഇന്‍ഡിഗോയും 3 എണ്ണം അസര്‍ബൈജാന്‍ എയര്‍ലൈന്‍സും നടത്തുന്നു. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നിവയ്ക്ക് ശേഷം അസര്‍ബൈജാനിലേക്കുള്ള വിനോദസഞ്ചാരികള്‍ കൂടുതലായെത്തിയത് ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 3.3 ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിച്ചു, 2023 ല്‍ 2.74 ലക്ഷം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചിരുന്നതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് 20.7 ശതമാനം കൂടുതലായിരുന്നു ഇത്. ഇന്ത്യാ - പാക്ക് സംഘര്‍ഷത്തിന് ശേഷം രണ്ട് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യയില്‍ പ്രചാരണം നടക്കുന്നുണ്ട്. ചില ട്രാവല്‍ ഏജന്‍സികള്‍ കൂടുതല്‍ ബുക്കിംഗുകള്‍ എടുക്കുന്നത് നിര്‍ത്തുകയും ചെയ്തു.