യുഎഇയില്‍ ഇന്ത്യന്‍ രൂപയില്‍ പണമിടപാടുകള്‍ നടത്താന്‍ യുപിഐ. സഹായിക്കും

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് ഉറപ്പാക്കാനാണ് എന്‍.പി.സി.ഐ. ലക്ഷ്യമിടുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, വിനോദം, ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിങ്ങനെ കൂടുതല്‍ ആളുകള്‍ പണം കൈമാറ്റം ചെയ്യുന്ന മേഖലകളില്‍ യു.പി.ഐ. ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി

ഇത് വഴി യു.എ.ഇ.യില്‍ ഇന്ത്യന്‍ രൂപയില്‍ പണമിടപാടുകള്‍ നടത്താന്‍ യു.പി.ഐ. സഹായിക്കും. സുതാര്യമായ വിനിമയ നിരക്കുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഇടപാട് പരിധികള്‍, ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍, അന്താരാഷ്ട്ര ഉപയോഗ നിയന്ത്രണങ്ങള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിനുണ്ട്. വര്‍ഷം തോറും യു.എ.ഇ. സന്ദര്‍ശിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് വഴി പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാകും. 2026-ഓടെ 90% ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന ലക്ഷ്യം ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 18 ബില്യണിലധികം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന യു.പി.ഐ., ലോകത്തിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇ. സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന അതേ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് യു.എ.ഇ.യില്‍ പണമടയ്ക്കാന്‍ സാധിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ സൗകര്യമാണ് നല്‍കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായും പേയ്‌മെന്റ് സേവന ദാതാക്കളുമായും സഹകരിച്ച് യു.എ.ഇ.യില്‍ യു.പി.ഐ.ക്ക് എന്‍.പി.സി.ഐ. ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. നിയോപേ (മാഷ്റഖ്), നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍, മാഗ്‌നാറ്റി തുടങ്ങിയവയുമായാണ് പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ യു.പി.ഐ. പേയ്‌മെന്റുകള്‍ ഇതിനോടകം സ്വീകരിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പണമടയ്ക്കാന്‍ സൗകര്യമൊരുക്കുന്നു.