Asianet News MalayalamAsianet News Malayalam

എടിഎമ്മുകള്‍ കുറയുന്നു; ഇനി മൊബൈല്‍ ആപ്പുകള്‍ വാഴും കാലം

റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപഭോക്താക്കള്‍ വര്‍ധിക്കുകയാണെങ്കിലും രാജ്യത്തെ എംടിഎമ്മുകളുടെ എണ്ണം കുറയുന്നു.

number of atm's declining; report
Author
New Delhi, First Published May 15, 2019, 10:52 PM IST

ദില്ലി: എടിഎമ്മുകളുടെ കാലം അവസാനിച്ച് സാമ്പത്തിക ഇടപാട് രംഗത്ത് മൊബൈല്‍ ആപ്പുകള്‍ കളം നിറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍. പ്രവര്‍ത്തന ചെലവും സുരക്ഷ പ്രശ്നവും കാരണം പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണ്. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപഭോക്താക്കള്‍ വര്‍ധിക്കുകയാണെങ്കിലും രാജ്യത്തെ എംടിഎമ്മുകളുടെ എണ്ണം കുറയുകയാണെന്ന് വ്യക്തമാകുന്നു.

ഐഎംഎഫ് റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിക്സ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് എംടിഎം അനുപാതമുള്ള രാജ്യാണ് ഇന്ത്യ. അതേസമയം, നോട്ട് നിരോധനത്തിനും പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതിക്കും ശേഷം എടിഎം ഉപയോഗം വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ന് ശേഷം ഏകദേശം നാല് കോടി ഉപഭോക്താക്കളാണ് വര്‍ധിച്ചത്. സര്‍ക്കാര്‍ സബ്സിഡികള്‍ ബാങ്ക് വഴിയാക്കിയതും എടിഎം ഉപയോഗം വര്‍ധിക്കാന്‍ കാരണമായി.   

എന്നാല്‍, ഉപഭോക്താക്കള്‍ വര്‍ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുകയാണ്. 2018 ആദ്യ സാമ്പത്തിക അര്‍ധപാദത്തില്‍ 1000 എടിഎമ്മുകളാണ് എസ്ബിഐ മാത്രം പൂട്ടിയത്. ഇതര പൊതുമേഖല ബാങ്കുകളും നിരവധി എടിഎമ്മുകള്‍ പൂട്ടി. പുതുതലമുറ ബാങ്കുകള്‍ക്കും എടിഎമ്മുകളോട് താല്‍പര്യമില്ല. എടിഎമ്മുകളുടെ എണ്ണം കുറയുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എടിഎം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവാണ് ബാങ്കുകളെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. സോഫ്റ്റ്വെയറുകള്‍ നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്നും സുരക്ഷയൊരുക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.

ഇന്‍റര്‍ചേഞ്ച് ഫീസ് കാരണമാണ് എടിഎമ്മുകള്‍ നിര്‍ത്തലാക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറഞ്ഞു. സ്വന്തം നിലക്ക് എടിഎം സ്ഥാപിക്കുന്നതിന് പകരം ഇന്‍റര്‍ചേഞ്ച് ഫീസ് കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളെ ആശ്രയിക്കുന്നവര്‍ക്ക് എടിഎമ്മുകളുടെ കുറവ് തിരിച്ചടിയാകുമെന്ന് ഹിറ്റാച്ചി പേമെന്‍റ് സര്‍വീസ് എംഡി റുസ്തം ഇറാനി പറഞ്ഞു. 

അതേസമയം, എടിഎമ്മുകളുടെ എണ്ണം കുറയുന്നത് മൊബൈല്‍ ബാങ്കിംഗ് രംഗത്തിന് നേട്ടമായി. രാജ്യത്ത് മൊബൈല്‍ ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ഇരട്ടിയാണ് മൊബൈല്‍ ബാങ്കിംഗ് വളര്‍ന്നത്. ജനം മൊബൈല്‍ ആപുകളിലേക്ക് മാറുകയാണെന്നും എടിഎമ്മുകള്‍ക്ക് ഇനി അധികം ആയുസ്സില്ലെന്നും ഫെഡറല്‍ ബാങ്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അശുതോഷ് ഖജൂരിയ പറഞ്ഞു. ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ക്ക് പുറമെ, ബാങ്കുകളുടെ പിന്തുണയില്ലാത്ത ഡിജിറ്റല്‍ പണമിടപാട് ആപ്പുകളും ജനപ്രിയമാകുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios