ഓണക്കാലത്തെ വസ്ത്രവിപണിയിലെ ട്രെൻഡുകൾ മാറുകയാണ്. സ്ത്രീകളിൽ ഒതുങ്ങിനിന്ന ഫാഷൻ സങ്കൽപ്പങ്ങൾ പുരുഷന്മാരിലേക്കും വ്യാപിക്കുകയാണ്. കസവ് മുണ്ടുകളിൽ ആർട്ട് വർക്കുകളും ഷർട്ടുകളിൽ ഓണക്കാഴ്ചകളും നിറയുന്നു. വസ്ത്രങ്ങൾ ബന്ധങ്ങളുടെ കഥ പറയുന്ന, പാരമ്പര്യവും പുതുമയും ചേരുന്ന കാലമാണിത്.
തിരുവനന്തപുരം: മലയാളിക്ക് ഓണമെന്നാൽ വസ്ത്രവിപണിയിലെ ട്രെൻഡിനൊപ്പമുള്ള സഞ്ചാരം കൂടിയാണ്. പഴമയുടെ തനിമയ്ക്കൊപ്പം പുതുമയുടെ പരീക്ഷണങ്ങളുമായാണ് ഓരോ ഓണക്കാലവും വിപണിയിലെത്തുന്നത്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഓണക്കാലത്തെ ആ ഫാഷൻ.
ഒരുകാലത്ത് സ്ത്രീകളുടെ വസ്ത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു ഓണം ഫാഷൻ. കസവിലും പട്ടിലും തീർക്കുന്ന പരീക്ഷണങ്ങളുമായി ഓണനാളുകളിൽ മിന്നിത്തിളങ്ങി നിന്നിരുന്ന വീട്ടിലെ സ്ത്രീകൾക്കൊപ്പമെത്താൻ പാടുപെട്ടിരുന്ന പുരുഷന്മാർ. മുണ്ടിന്റെ കരയ്ക്ക് മാച്ച് ചെയ്യുന്ന ഷർട്ടുകളിലൊതുങ്ങിയിരുന്ന ആ ഫാഷൻ സങ്കൽപം.
കാലം മാറിയപ്പോൾ സങ്കൽപങ്ങളും മാറി. സ്ത്രീകൾക്കൊപ്പം അല്ലെങ്കിൽ ഒരുപടി മുന്നേ നിൽക്കുന്ന ട്രെൻഡുകളുമായാണ് ഇപ്പോൾ പുരുഷന്മാരുടെ ഓണക്കാലവും പിറക്കുന്നത്. വളളംകളിയും കഥകളിയും ഓണക്കാഴ്ചകളുമൊക്കെ നിറയുന്ന ഷർട്ടുകൾ. പാരമ്പര്യത്തിന്റെ അതിരുകൾ ഭേദിച്ച് ആർട്ട് വർക്കുകൾ കസവ് മുണ്ടിലേക്ക് വരെ കടന്നെത്തിയിരിക്കുന്നു.
ഒരേ വീട്ടിലെ മൂന്നോ നാലോ പേർ ചേർന്ന് നിന്നാൽ പൂർത്തിയാകുന്ന ഡിസൈനുകൾ. സഹോദരങ്ങളെയും കൂട്ടുകാരെയും ലക്ഷ്യം വച്ച് ഒരേ ഡിസൈനിലെ ഷർട്ടുകൾ പലനിറങ്ങളിൽ. അങ്ങനെ, വസ്ത്രങ്ങൾ പോലും ബന്ധങ്ങളുടെ കഥ പറയുന്ന കാലം. ഓണം വരുമ്പോൾ യഥാർത്ഥത്തിൽ ജനിക്കുന്നത് ഒരു ഉത്സവകാലം മാത്രമല്ല, കസവിന്റെ വെണ്മയിൽ കാലത്തിന്റെ നിറങ്ങൾ ചാലിച്ചെഴുതുന്ന കാലം കൂടിയാണ്.


