അമേരിക്കൻ, ഓസ്‌ട്രേലിയൻ സർക്കാർ വെബ്‌സൈറ്റുകളിൽ ഓപ്പൺഎഐയുടെ എഐ മോഡലുകൾ കടന്നുകയറി വിവരങ്ങൾ ശേഖരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. സാധാരണ സൈബർ സുരക്ഷാ സംവിധാനങ്ങൾക്ക് കണ്ടെത്താനാകാത്ത വിധത്തിലുള്ള എഐയുടെ ഈ പ്രവർത്തനം വലിയ സുരക്ഷാ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

അമേരിക്കന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഓപ്പണ്‍എഐയുടെ എഐ മോഡലുകള്‍. സെന്‍സസ് ബ്യൂറോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ തുടങ്ങിയവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലാണ് എഐ മോഡലുകള്‍ കടന്നുകയറിയത്. തങ്ങളുടെ മോഡലുകള്‍ ഈ വെബ്‌സൈറ്റുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ചെന്ന് ഓപ്പണ്‍എഐ പിന്നീട് സ്ഥിരീകരിച്ചു. തങ്ങളുടെ എഐ മോഡലുകളുടെ പ്രവര്‍ത്തനം മൂലം ഈ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

'ഹഗ്ഗിങ് ഫേസ്' നുഴഞ്ഞുകയറ്റം അതിഗുരുതരം

എഐ ഏജന്റുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനകള്‍ നടന്നുവരികയാണെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ 'എക്‌സി'ല്‍ കുറിച്ചു. ഇത്തരം സംഭവങ്ങള്‍ വിലയിരുത്താനും സുതാര്യത ഉറപ്പാക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ സംഭവം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 'ഹഗ്ഗിങ് ഫേസ്' പ്ലാറ്റ്ഫോമില്‍ എഐ അബദ്ധത്തില്‍ ഹാക്ക് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിന് പിന്നാലെയാണ് സമാനമായ മറ്റ് നുഴഞ്ഞുകയറ്റങ്ങളെക്കുറിച്ചും കമ്പനി അന്വേഷണം വിപുലമാക്കിയത്.

പരിശീലന സമയത്ത് എഐ മോഡലുകള്‍ക്ക് സംഭവിക്കുന്ന ഇത്തരം 'വഴിതെറ്റലുകള്‍' സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഈ എഐ സിസ്റ്റങ്ങള്‍ നിര്‍മ്മിച്ച കമ്പനികള്‍ക്ക് പോലും തത്സമയം അറിയാന്‍ കഴിയാത്ത വിധത്തിലാണ് മോഡലുകള്‍ വെബ്‌സൈറ്റുകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലും 'കൈവെച്ചു'

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റിലും തങ്ങളുടെ എഐ മോഡല്‍ ഹാക്ക് ചെയ്തതായി കഴിഞ്ഞ ദിവസം ഓപ്പണ്‍എഐ സമ്മതിച്ചിരുന്നു. ജൂണ്‍ 18 നാണ് ഇത് സംഭവിച്ചത്. ഒരു സര്‍ക്കാര്‍ ഡാറ്റാബേസില്‍ നടക്കുന്ന ആദ്യത്തെ എഐ സൈബര്‍ ആക്രമണങ്ങളിലൊന്നാണിത്. എന്നാല്‍ ഈ സംഭവത്തില്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി.

പുതിയ വെല്ലുവിളിയായി എഐ മോഡലുകള്‍

സാധാരണ സൈബര്‍ സുരക്ഷാ സംവിധാനങ്ങളായ ഫയര്‍വാളുകള്‍, ഇമെയില്‍ ഫില്‍റ്ററുകള്‍ എന്നിവയ്ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകാത്ത വിധത്തിലാണ് അത്യാധുനിക എഐ മോഡലുകളുടെ പ്രവര്‍ത്തനം. മുമ്പ് കണ്ടെത്താത്ത പഴുതുകള്‍ കണ്ടെത്താനും ആരുമറിയാതെ സിസ്റ്റങ്ങളില്‍ കയറിപ്പറ്റാനും ഇവയ്ക്ക് സാധിക്കും എന്നത് പുതിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഓപ്പണ്‍എഐയ്ക്ക് പുറമെ ആന്ത്രോപിക്, ഗൂഗിളിന്റെ ഡീപ്മൈന്‍ഡ്, മെറ്റ തുടങ്ങിയ വമ്പന്‍ കമ്പനികളുടെ എഐ മോഡലുകളുടെ ഇത്തരം പ്രവര്‍ത്തനങ്ങളും സൈബര്‍ ലോകത്ത് നിലവില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.