Asianet News MalayalamAsianet News Malayalam

P Jayarajan: ഖാദി ബോർഡ് വൈസ് ചെയർമാനായി പി ജയരാജന്‍ ചുമതലയേറ്റു

സിപിഎം സഹയാത്രികർക്ക് നൽകിയിരുന്ന പദവിയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ പിന്മാറ്റത്തോടെ സര്‍ക്കാര്‍ പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് നല്‍കിയത്. 

P Jayarajan take over as  Vice Chairman of Kerala Khadi board
Author
Thiruvananthapuram, First Published Nov 27, 2021, 11:47 AM IST

തിരുവനന്തപുരം: കേരള ഖാദി ബോർഡ്(Kerala Khadi borad) വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍(P jayarajan) ചുമതലയേറ്റു. സിപിഎം സഹയാത്രികർക്ക് നൽകിയിരുന്ന പദവിയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ(Cheriyan philip) പിന്മാറ്റത്തോടെ സര്‍ക്കാര്‍ പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് നല്‍കിയത്. ഇതോടെ നീണ്ടകാലം കണ്ണൂരിൽ ശ്രദ്ധയൂന്നിയ പി ജയരാജന്റെ കർമ്മമണ്ഡലം തലസ്ഥാനത്തേക്ക് മാറും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും പിന്നണിയിലുള്ളവര്‍ക്ക് ആശ്രയമായിട്ടുള്ള പ്രസ്ഥാനമാണ് ഖാദി. ഖാദി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്‍റെ ഇശ്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു.

ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് നല്‍കിയ സ്ഥാനമായിരുന്നു ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം. എന്നാല്‍ രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ പാര്‍ട്ടിയോട് ഉടക്കി നിന്നിരുന്ന ചെറിയാന്‍ ഫിലിപ്പ് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്‍റെ ആദ്യ പ്രതികരണം. 

ഉടക്കി നിന്ന ചെറിയാനെ അനുനയിപ്പിക്കാനുള്ള ശ്രമം  ഇടത് കേന്ദ്രങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.  ചര്‍ച്ചകള്‍ക്ക് വഴങ്ങാതിരുന്ന ചെറിയാന്‍ ഫിലിപ്പ്  ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ച്  രംഗത്തു വന്നിരുന്നു.  ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമര്‍ശിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നായിരുന്നു ചെറിയാൽ ഫിലിപ്പിന്‍റെ ആരോപണം. ഇതിന് പിന്നാലെ  ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതാണ്  നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  പിന്നാലെ ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. തുണിക്കച്ചവടം നടത്താനല്ല രാഷ്ട്രീയക്കാരനായതെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് പിന്നീട് നടത്തിയ പ്രതികരണം.  

Follow Us:
Download App:
  • android
  • ios