മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ വ്യവസായ രംഗത്ത് അടച്ചുപൂട്ടലിന്റെ അലയൊലികൾ നേരിടുന്നു. സപ്ലൈ ചെയിൻ തടസ്സങ്ങൾ നീണ്ടുനിൽക്കുന്നതിനാൽ മൊബൈൽ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുളളവയുടെ ഉത്പാദനത്തില്‍ ഇത് വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. 

ഇതിനെത്തുടര്‍ന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയിൽ 40% ഉയർന്നു. അതേസമയം വിവിധതരം ബാക്ടീരിയ അണുബാധകൾ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്‍ന്നത് 70 ശതമാനത്തോളമാണെന്ന് സിഡസ് ചെയർമാൻ പങ്കജ് ആർ. പട്ടേൽ പറഞ്ഞു. അടുത്ത മാസം ആദ്യ വാരത്തോടെ സപ്ലൈസ് ചെയിന്‍ പുന: സ്ഥാപിച്ചില്ലെങ്കിൽ ഏപ്രിൽ മുതൽ ഫാർമ വ്യവസായത്തില്‍ ഫിനിഷ്ഡ് ഫോർമുലേഷനുകളിൽ കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ആയിരത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ ഭയപ്പെടുത്തുകയും ചെയ്ത കൊറോണ വൈറസ്, ചൈനയിലെ ഉൽ‌പാദനം മന്ദഗതിയിലായതിനാലും രാജ്യത്തിനകത്തും പുറത്തും ആളുകളുടെ ചലനം സ്തംഭിച്ചിരിക്കുകയാണ്. ചൈന ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ഫാക്ടറികളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറച്ചതോടെ, ചില അസംസ്കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങള്‍ക്കുമായി ചൈനയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും അനിശ്ചിതത്വം നേരിടുകയാണ്.