സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുതെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ. ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ശസ്ത്രക്രിയകള്‍ക്ക് നിശ്ചിത പാക്കേജ് നിരക്ക് ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.
സ്വകാര്യ ആശുപത്രികളിലെ പൊള്ളുന്ന മുറി വാടക നിയന്ത്രിക്കാന്‍ സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി. ആശുപത്രികളിലെ അടിസ്ഥാന മുറി വാടക ആശുപത്രിയുടെ തൊട്ടടുത്തുള്ള ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ ശരാശരി വാടകയേക്കാള്‍ കൂടാന്‍ പാടില്ലെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം. വന്‍ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ഈ നിബന്ധന നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. നിലവില്‍ വന്‍ നഗരങ്ങളിലെ ആശുപത്രി മുറികള്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ വ്യത്യാസം കാരണം ഒരേ നഗരത്തില്‍ തന്നെ പല നിരക്കുകളാണ് ഉള്ളതെങ്കിലും, വാടക നിയന്ത്രണം അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി.
അതേസമയം, അടിസ്ഥാന വാടകയ്ക്ക് മാത്രമേ ഈ നിയന്ത്രണം ബാധകമാകൂ. റെസിഡന്റ് ഡോക്ടര്‍മാരുടെ ഫീസ്, നഴ്സിങ് ചാര്‍ജ്, ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ വില, ഭക്ഷണം, അലക്ക് തുടങ്ങിയവയ്ക്കുള്ള തുക വാടകയ്ക്ക് പുറമെ ആശുപത്രികള്‍ക്ക് ഈടാക്കാവുന്നതാണ്. ഇതിലൂടെ മൊത്തത്തിലുള്ള ചിലവുകളില്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്ലുകളിലെ വിവിധ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് സമിതി ഈ നിഗമനത്തില്‍ എത്തിയത്.
പൊള്ളുന്ന ചികിത്സാ ചെലവ്
നാഷണല്‍ സാംപിള്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ ശരാശരി 6,631 രൂപയാണ് കിടത്തി ചികിത്സയ്ക്ക് ചെലവാകുന്നതെങ്കില്‍, സ്വകാര്യ ആശുപത്രികളില്‍ ഇത് 50,508 രൂപയാണ്. രാജ്യത്തെ മൊത്തം ശരാശരി കിടത്തിച്ചികിത്സാ ചെലവ് 37,858 രൂപയും, ആളുകള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കേണ്ടി വരുന്നത് ശരാശരി 34,064 രൂപയുമാണ്. കൂടാതെ ചികിത്സാ ചെലവില്‍ പ്രതിവര്‍ഷം 10 മുതല്‍ 13 ശതമാനം വരെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെയും വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
പാക്കേജുകള്‍ പ്രദര്‍ശിപ്പിക്കണം
രോഗികളെ ചൂഷണം ചെയ്യുന്ന മറഞ്ഞിരിക്കുന്ന ചാര്‍ജുകളും മുറി വാടകയുടെ അടിസ്ഥാനത്തില്‍ ബില്ല് കൂട്ടുന്ന പ്രവണതയും ഒഴിവാക്കണം. ഇതിന് പകരമായി സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ക്കും മറ്റ് പ്രധാന ചികിത്സകള്‍ക്കും ഒരു നിശ്ചിത പാക്കേജ് നിരക്ക് ഏര്‍പ്പെടുത്തണമെന്നും ഇത് ആശുപത്രികളില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. സര്‍ജന്റെ ഫീസ്, പരിശോധനകള്‍, മറ്റ് അവശ്യ സാധനങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണം എന്നിവയെല്ലാം ഉള്‍പ്പെടുന്നതായിരിക്കണം ഈ പാക്കേജ്. ഇതിലൂടെ ചികിത്സാ ചിലവുകള്‍ക്ക് ഒരു പരിധി നിശ്ചയിക്കാനും, രോഗികള്‍ക്ക് തങ്ങളുടെ ചികിത്സാ ചിലവിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകാനും സാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച ഈ നിര്‍ദേശങ്ങള്‍ നിയമമാകണമെങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്. സര്‍ക്കാര്‍ ഇത് അംഗീകരിച്ച് നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആശുപത്രികളില്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.


