Asianet News MalayalamAsianet News Malayalam

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏഴുമാസം, നടപടിയില്ല

2013 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ തത്തുല്യവിഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. 

Participatory pension scheme  Seven months after the report was submitted no action was taken
Author
Trivandrum, First Published Dec 2, 2021, 2:07 PM IST

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ കമ്മറ്റി റിപ്പോര്‍ട്ട് ( Participatory pension scheme ) സമര്‍പ്പിച്ചിട്ട് ഏഴുമാസം പിന്നിടുമ്പോഴും തുടര്‍നടപടി സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ( kerala government ). റിപ്പോര്‍ട്ടിലെ ഉള്ളടക്കവും ശുപാര്‍ശയും വെളിപ്പെടുത്താനും സര്‍ക്കാര്‍ തയ്യാറല്ല. ഇടതുമുന്നണി സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്നാരോപിച്ച് ശക്തമായ പ്രക്ഷോഭത്തിന് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ തത്തുല്യവിഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. 

സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെ അപേക്ഷിച്ച് തുഛമായ പെന്‍ഷനാണ് ലഭിക്കുന്നത് എന്നതിനാല്‍ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് എസ് സതീഷ് ചന്ദ്രബാബു അധ്യക്ഷനായ പുനപരിശോധന സമിതിയെ നിയോഗിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 30 ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഏഴുമാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയാണെന്നാണ് സര്‍ക്കാരിന്‍റെ മറുപടി. ഉള്ളടക്കവും ശുപാര്‍ശയും വെളിപ്പെടുത്തിയുമില്ല. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. പദ്ധതി പുനപരിശോധിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. പുനപരിശോധന കമ്മറ്റി റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഇനിയും നീണ്ടാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പങ്കാളിത്ത പെന്‍ഷന്‍ ബധകമായ ജീവനക്കാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

Follow Us:
Download App:
  • android
  • ios