Asianet News MalayalamAsianet News Malayalam

എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ട, രാജ്യത്ത് ഇ20 ഇന്ധനം ഏപ്രിൽ മുതൽ; നിർണായക പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

2014 ൽ രാജ്യത്ത് പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോട് രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതിയതെങ്കിലും നേരത്തെ തന്നെ ലക്ഷ്യം നേടി. 2030 ൽ പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമെത്തിക്കണമെന്നായിരുന്നു അടുത്ത ലക്ഷ്യം.

Petrol blended with 20 percentage ethanol from April 1 says central minister Hardeep Singh Puri
Author
First Published Jan 14, 2023, 9:10 AM IST

ദില്ലി : രാജ്യത്ത് ഏപ്രിൽ മുതൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹ‌ർദീപ് സിംഗ് പുരി. വാഹന നിർമാതാക്കളോട് കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിലിറക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആഗോള രംഗത്ത് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ രാജ്യം നിർണായക പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു. നോയിഡയിൽ തുടങ്ങിയ ഓട്ടോ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2014 ൽ രാജ്യത്ത് പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോട് രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് കരുതിയതെങ്കിലും നേരത്തെ തന്നെ ലക്ഷ്യം നേടി. 2030 ൽ പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമെത്തിക്കണമെന്നായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ 2026നകം തന്നെ ഈ ലക്ഷ്യത്തിലെത്തുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

നോയിഡയിൽ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉല്ഘാടനം ചെയ്താണ് മന്ത്രിയുടെ പ്രഖ്യാപനം. രാജ്യതലസ്ഥാനത്തടക്കം വായു മലിനീകരണം വലിയ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇടപെടൽ. ഇതിനായി കാറുകളുടെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ഭാവി വാഹന വിപണി പ്രകൃതി സൗഹൃദമാണെന്ന് വ്യക്തമാക്കുന്നതാണ് ഓട്ടോ എക്സ്പോയിലെ എല്ലാ കാഴ്ചകളും, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മാരുതിയുടെ മോഡലായ വാഗണാറിന്റെ ഫ്ലക്സ് ഫ്യുവൽ മോ‍ഡലാണിത്. ഈ പവലിയനിലെ ഏറ്റവും ആകർഷകമായ കാഴ്ചയും ഇതാണെന്നാണ്  ഹ‌ർദീപ് സിംഗ് പുരി വിശദമാക്കുന്നത്.

മാരുതി മാത്രമല്ല, ടൊയോട്ട, ടിവിഎസ്, ഹോണ്ട, ബജാജ് തുടങ്ങിയ പ്രമുഖ കമ്പനികളും 20 മുതൽ 100 ശതമാനം വരെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കാവുന്ന ഫ്ലക്സ് ഫ്യുവൽ വാഹനങ്ങൾ ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിട്ടുണ്ട്. നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന ഓട്ടോ എക്സ്പോയിൽ ഭൂരിഭാഗം കമ്പനികളും പ്രകൃതി സൗഹൃദ മോഡലുകൾക്കാണ് പ്രധാന്യം നൽകുന്നത്. ഇതുവരെ പുതിയ 82 വാഹനങ്ങളാണ് എക്സ്പോയിൽ വിവിധ കമ്പനികൾ അവതരിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios