തിരുവനന്തപുരം: സെപ്റ്റംബര്‍ പതിനേഴിന് 75 രൂപ 55 പൈസയായിരുന്ന പെട്രോളിന്റെ ഇന്നത്തെ വില 77 രൂപ 56 പൈസ. ഒരാഴ്ചക്കിടെ കൂടിയത് ലിറ്ററിന് രണ്ട് രൂപ ഒരു പൈസയാണ്. ഡീസലിന്റെ വിലയിലും വർധനയുണ്ടായി. 70 രൂപ 60 പൈസയിൽ നിന്നും ഒരാഴ്ചക്കിടെ ഡീസൽ വില കൂടിയത് 72 രൂപ 17 പൈസയിലേക്ക്. ഒരു രൂപ 57 പൈസയുടെ വർധനവ്.

ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഉയരുന്നത്. ഇന്ത്യന്‍ ബാസ്ക്കറ്റില്‍ ബ്രെൻഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. അരാംകോയിലെ  ആക്രമണത്തെ തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം ബാരലാക്കി കുറച്ചിരുന്നു. ഇതോടെയാണ് സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി  ചെയ്യുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയിലും പെട്രോളിന്റേയും ഡീസലിന്റെയും ചില്ലറവിൽപ്പന വില കൂടിയത്.

എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്. ലോക രാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതിയുടെ അഞ്ച് ശതമാനവും സൗദി അരാംകോയിൽ നിന്നാണ്. പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.