Asianet News MalayalamAsianet News Malayalam

ഉയർന്ന പലിശ കണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാനുണ്ടോ? ഈ 5 കാര്യങ്ങൾ പരിഗണിക്കണം

കണ്ണും പൂട്ടി നിക്ഷേപിക്കാൻ വരട്ടെ. സ്ഥിര നിക്ഷേപ പദ്ധതികളില്‍ അംഗമാകുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍ ഇവയാണ്. 

plan to invest in fixed deposit consider these 5 factors
Author
First Published Aug 11, 2024, 5:10 PM IST | Last Updated Aug 11, 2024, 5:10 PM IST

റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയ ശേഷം രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടി ബാങ്കുകൾ നിരവധി വാഗ്ദാനങ്ങളാണ് നൽകുന്നത്. എന്നാൽ ഇതെല്ലം കണ്ട് കണ്ണും പൂട്ടി നിക്ഷേപിക്കാൻ വരട്ടെ. സ്ഥിര നിക്ഷേപ പദ്ധതികളില്‍ അംഗമാകുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍ ഇവയാണ്. 

>> കാലാവധി

സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിന് മുമ്പെ നിങ്ങളുടെ നിക്ഷേപ കാലാവധി സംബന്ധിച്ച ധാരണയുണ്ടായിരിക്കണം. പൊതുവില്‍ ബാങ്കുകളിലെ എഫ്ഡി നിക്ഷേപിക്കുന്നതിന്റെ കാലാവധി 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണുള്ളത്. കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിച്ചാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകനില്‍ നിന്നും പിഴ ഈടാക്കാറുണ്ട്. അതിനാല്‍ കാലാവധി നിശ്ചയിച്ചുറപ്പിക്കാതെ എഫ്ഡി ആരംഭിക്കുകയും പൂര്‍ത്തിയാകും മുന്നെ പിന്‍വലിക്കുകയും ചെയ്താല്‍ ആകെ ലഭിക്കാമായിരുന്ന പലിശ ആദായത്തിലും ഇടിവുണ്ടാകും. വിവിധ കാലാവധിയിലുള്ള എഫ്ഡി പദ്ധതികളായി തുക വിഭജിച്ച് നിക്ഷേപിക്കുന്നതും ഗുണകരമായ സമീപമനമാണ്.

>> പലിശ

ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാവുന്ന പലിശകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഈ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് എത്ര പലിശ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് ബാങ്കുകളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് വിവിധ ബാങ്കുകള്‍ വ്യത്യസ്ത തോതിലുള്ള പലിശ നിരക്കുകളായിരിക്കും നല്‍കുന്നത്. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.

>> സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്)

സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 10,000 രൂപയിലധികം പലിശയായി സ്വീകരിക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കാന്‍ ബാധ്യത നേരിടുകയും സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഇനത്തില്‍ പിടിക്കുകയും ചെയ്യും. അതായത്, ആകെ ലഭിക്കുന്ന പലിശ വരുമാനം 10,000 രൂപ കവിഞ്ഞാല്‍ 10% ടിഡിഎസ് ഈടാക്കിയ ശേഷമുള്ള തുകയാകും നിക്ഷേപകന് ബാങ്ക് കൈമാറുകയെന്ന് സാരം. അതേസമയം നിക്ഷേപകന്റെ ആകെ വരുമാനം നികുതി വലയ്ക്കുള്ളില്‍ വരുന്നില്ലെങ്കില്‍ ബാങ്കിന് മുമ്പാകെ 15ജി/എച്ച് വകുപ്പ് പ്രകാരമുള്ള അപേക്ഷ നല്‍കിയാല്‍ പലിശയില്‍ നിന്നും ടിഡിഎസ് ഈടാക്കുകയില്ല.

>> പലിശ നല്‍കുന്ന ഇടവേള

എഫ്ഡി നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ വരവുവെയ്ക്കുന്ന ഇടവേള സംബന്ധിച്ച ബാങ്കിന്റെ നയം, തുടക്കത്തില്‍ തന്നെ വിശദമായി പരിശോധിക്കണം. സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ ഇക്കാര്യം നിര്‍ബന്ധമായും വിലയിരുത്തണം. നേരത്തെ ത്രൈമാസ കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ഒക്കെയായിരുന്നു പലിശ വിതരണം ചെയ്തിരുന്നത്. എന്നാല്‍ സമീപകാലത്തായി മാസം തോറും പലിശ വരുമാനം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നുണ്ട്.

>> മുതിര്‍ന്ന പൗരന്മാര്‍

പൊതുവിഭാഗത്തില്‍ ഉള്ളവരേക്കാള്‍ വ്യത്യസ്തമായ നിരക്കിലാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് എഫ്ഡിയിന്മേല്‍ പലിശ നല്‍കുന്നത്. സാധാരണയായി പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.5% വരെ അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios