തിരുവനന്തപുരം: തമിഴ്നാട്ടില്‍ തുടരുന്ന കോഴിത്തീറ്റ പ്രതിസന്ധിയും ജലക്ഷാമവും മൂലം കേരളത്തിലെ ഇറച്ചിക്കോഴി വിലയില്‍ വന്‍ ഇടിവ്. ഇന്നലെ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ ഇറച്ചിക്കോഴികള്‍ക്ക് കിലോയ്ക്ക് 55 രൂപയില്‍ താഴെയായിരുന്നു നിരക്ക്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 83 രൂപയാണ്. 

കോഴിത്തീറ്റയ്ക്ക് തമിഴ്നാട്ടില്‍ വിലക്കയറ്റം ഉണ്ടായതും തമിഴ്നാട്ടിലെ കടുത്ത ജലക്ഷാമവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ കൈവശമുളള കോഴികളെ വിറ്റഴിക്കാന്‍ തമിഴ് കാര്‍ഷകര്‍ തയ്യാറായതാണ് ഇറച്ചിക്കോഴി വില കേരളത്തില്‍ കുറയാനിടയാക്കിയത്. മൂന്ന് മാസം കൊണ്ട് കോഴിത്തീറ്റ ചാക്കിന് 300 രൂപയുടെ വര്‍ധനയാണുണ്ടായത്. 

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, കോട്ടയം ജില്ലകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) വാങ്ങാന്‍ ധാരണയായി. കിലോഗ്രാമിന് 85 രൂപ നിരക്കിലാകും കോഴികളെ എംപിഐ വാങ്ങുക.