പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

പൊതുമേഖലാ ബാങ്കുകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 49 ശതമാനം വരെയായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. നിര്‍ദ്ദേശത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 1.4 ശതമാനം ഉയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പഞ്ചാബ് നാഷണല്‍ ബാങ്ക് , ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂണിയന്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നേട്ടം കൈവരിച്ചു

ലക്ഷ്യം സ്വകാര്യ ബാങ്കുകള്‍ക്ക് തുല്യമായ നിയമങ്ങള്‍

പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങളും സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണങ്ങളും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍, സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനം വരെ വിദേശ ഓഹരി നിക്ഷേപം അനുവദനീയമാണ്.

ഇന്ത്യയുടെ ബാങ്കിംഗ് മേഖലയില്‍ വിദേശ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ ദുബായിലെ എമിറേറ്റ്സ് എന്‍ബിഡി, ആര്‍ബിഎല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 3 ബില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. സുമിതൊമോ മിത്സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ , യെസ് ബാങ്കില്‍ 1.6 ബില്യണ്‍ ഡോളറിന് 20 ശതമാനം ഓഹരി നിക്ഷേപം നടത്തുകയും ചെയ്തു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ വരും വര്‍ഷങ്ങളില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പൊതുമേഖലാ ബാങ്കുകളിലെ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് കുറച്ചുവര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എങ്കിലും ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടാന്‍ മാസങ്ങളെടുത്തേക്കാം. നിലവില്‍ പൊതുമേഖലാ ബാങ്കുകളിലെ എഫ്‌ഐഐ പങ്കാളിത്തം 4.5% മുതല്‍ 12% വരെയാണ്. 20% പരിധി നിലനില്‍ക്കുന്നതിനാല്‍ ഇനിയും നിക്ഷേപത്തിന് അവസരമുണ്ട്.