ആഗോള തലത്തില്‍ ബൈജൂസിനെതിരേ നടക്കുന്ന നിയമ പോരാട്ടത്തിലെ നിര്‍ണായകമായ ഒരു നീക്കമാണിത്.

എജ്യൂടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനില്‍ നിന്ന് 235 ദശലക്ഷം ഡോളര്‍ (ഏകദേശം 1950 കോടി രൂപ) തിരിച്ചുപിടിക്കാന്‍ ഖത്തറിന്റെ സര്‍ക്കാര്‍ നിക്ഷേപ ഫണ്ട് കോടതിയെ സമീപിച്ചു. ആഗോള തലത്തില്‍ ബൈജൂസിനെതിരേ നടക്കുന്ന നിയമ പോരാട്ടത്തിലെ നിര്‍ണായകമായ ഒരു നീക്കമാണിത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉപവിഭാഗമായ ഖത്തര്‍ ഹോള്‍ഡിങ്‌സ് , കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ നിക്ഷേപ സ്ഥാപനമായ ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാനാണ് നീക്കം. നേരത്തെ, 150 ദശലക്ഷം ഡോളറിന്റെ വായ്പയ്ക്ക് ബൈജു രവീന്ദ്രന്‍ വ്യക്തിഗത ഗ്യാരന്റി നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നിയമ നടപടികള്‍. 2024 ഫെബ്രുവരി 28 മുതല്‍ ദിവസേന 4 ശതമാനം വാര്‍ഷിക പലിശയും ഖത്തര്‍ ഹോള്‍ഡിങ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നിലവില്‍ 14 ദശലക്ഷം ഡോളറിന് മുകളില്‍ (ഏകദേശം 123 കോടി രൂപ) വരും.

തര്‍ക്കത്തിന്റെ തുടക്കം

2022 സെപ്റ്റംബറിലാണ് തര്‍ക്കങ്ങളുടെ തുടക്കം. ഖത്തര്‍ ഹോള്‍ഡിങ്‌സ് ബൈജൂസിന്് 150 ദശലക്ഷം ഡോളര്‍ വായ്പയായി നല്‍കി. ഈ വായ്പയ്ക്ക് ബൈജു രവീന്ദ്രന്‍ വ്യക്തിപരമായ ഗ്യാരന്റി നല്‍കിയിരുന്നു. ഈ തുക ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസില്‍ 17,891,289 ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിച്ചു. ഈ ഓഹരികള്‍ കൈമാറരുതെന്ന വ്യക്തമായ വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍, ഈ ഉടമ്പടി ലംഘിച്ച് ഓഹരികള്‍ രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയെന്നാണ് ഖത്തര്‍ ഹോള്‍ഡിങ്‌സ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. വായ്പ തിരിച്ചടവില്‍ വീഴ്ചകള്‍ ആവര്‍ത്തിച്ചതോടെ, ഖത്തര്‍ ഹോള്‍ഡിങ്‌സ് വായ്പ കരാര്‍ റദ്ദാക്കുകയും 235 ദശലക്ഷം ഡോളര്‍ അടിയന്തരമായി തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ആഗോള ആസ്തികള്‍ മരവിപ്പിക്കാന്‍ ഉത്തരവ്

2024 മാര്‍ച്ചില്‍ ഖത്തര്‍ ഹോള്‍ഡിങ്‌സ് സിംഗപ്പൂരില്‍ മധ്യസ്ഥ നടപടികള്‍ ആരംഭിച്ചു. മധ്യസ്ഥ ട്രിബ്യൂണല്‍ ബൈജൂസിന്റെ 235 ദശലക്ഷം ഡോളര്‍ വരെയുള്ള ആസ്തികള്‍ ആഗോളതലത്തില്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടു. സിംഗപ്പൂര്‍ ഹൈക്കോടതി ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തു. ജൂലൈ 14-ന് മധ്യസ്ഥ ട്രിബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിച്ചു. 235 ദശലക്ഷം ഡോളര്‍ ഉടന്‍ ഖത്തര്‍ ഹോള്‍ഡിങ്‌സിന് നല്‍കാനും 2024 ഫെബ്രുവരി മുതല്‍ ദിവസേന 4 ശതമാനം പലിശ സഹിതം നല്‍കാനും നിര്‍ദേശിച്ചു. പലിശ ഇതിനോടകം 14 ദശലക്ഷം ഡോളര്‍ കടന്നു, ഇത് ആകെ ബാധ്യത 249 ദശലക്ഷം ഡോളറായി (ഏകദേശം 2,183 കോടി രൂപ) ഉയരുന്നതിന് കാരണമായി.

ഇന്ത്യയില്‍ നിയമനടപടികള്‍

ഓഗസ്റ്റ് 12-നാണ് ഖത്തര്‍ ഹോള്‍ഡിങ്‌സ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യയിലെ ആസ്തികള്‍ കൈമാറുന്നത് തടയാനും അവ കണ്ടുകെട്ടാനോ വില്‍ക്കാനോ ഉള്ള അധികാരം നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യു.എസിലും ബൈജു രവീന്ദ്രന്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. അവിടെ കോടതിയലക്ഷ്യത്തിന് പിഴ ചുമത്തിയിട്ടുണ്ട്. ദിവസം 10,000 ഡോളര്‍ (ഏകദേശം 8.7 ലക്ഷം രൂപ) അടയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.