രാജ്യത്ത് നിക്ഷേപ വളര്‍ച്ച ഉണ്ടാകാത്തതും വിപണിയിലെ ആവശ്യകത വര്‍ധിക്കാത്തതിനും കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ താല്‍പര്യക്കുറവാണെന്ന്  ബജാജ് ഓട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജ്. അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാന നിരക്ക് കുറയ്ക്കുന്നത് നിക്ഷേപ വളര്‍ച്ചയുണ്ടാകാത്തത് മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സര്‍ക്കാര്‍ ഇത് പറയുകയോ പറയാതിരിക്കുകയോ ചെയ്യും. പക്ഷേ, ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഇന്ത്യയെപ്പറ്റിയുളള വളര്‍ച്ച നിരക്ക് താഴ്ത്തുന്നത് ഇതിന് തെളിവാണ്. എല്ലാ സര്‍ക്കാരുകളെപ്പോലെയും കാര്യങ്ങള്‍ ഭദ്രമാണെന്ന തോന്നലുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു, പക്ഷേ യാഥാര്‍ത്ഥ്യം അതല്ല' രാഹുല്‍ ബജാജ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ അനുമാന വളര്‍ച്ചാ നിരക്കില്‍ അന്താരാഷ്ട്ര നാണയ നിധി കുറവ് വരുത്തിയിരുന്നു. 0.3 ശതമാനത്തിന്‍റെ കുറവാണ് അന്താരാഷ്ട്ര നാണയ നിധി വരുത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച നിരക്കിലും അന്താരാഷ്ട്ര നാണയ നിധി 0.3 ശതമാനത്തിന്‍റെ കുറവ് വരുത്തിയിരുന്നു.  

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനവും. അടുത്ത സാമ്പത്തിക വര്‍ഷം അത് 7.2 ശതമാനവുമായിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നത്. ലോക ബാങ്ക് ഇന്ത്യയുടെ അനുമാന വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനമാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. 'ഇവിടെ വിപണിയില്‍ ആവശ്യകതയില്ല, നിക്ഷേപം എത്തുന്നില്ല, പിന്നെ എവിടെ നിന്നാണ് വളര്‍ച്ചയുണ്ടാകുന്നത്. ആകാശത്ത് നിന്ന് പൊട്ടിവീഴുമോ?. വാഹന വിപണി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണിപ്പോള്‍ കടന്നുപോകുന്നത്. കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്ര വാഹന വിപണിയും എല്ലാം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.' പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ബജാജ് അഭിപ്രായപ്പെട്ടു. 

ഉയരുന്ന ഇന്‍ഷുറന്‍സ് തുക, എണ്ണവിലയില്‍ ഉണ്ടാകുന്ന വര്‍ധന, വിറ്റഴിക്കുമ്പോഴുണ്ടാകുന്ന വന്‍ നഷ്ടം എന്നിവ ഉപഭോക്താക്കളെ വാഹനം വാങ്ങുന്നതില്‍ നിന്ന് അകറ്റുകയാണ്. വ്യവസായിക നിരീക്ഷകരും ഉപഭോക്താക്കളും 2020 ഏപ്രിലിലോടെ വാഹനങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിലാണിപ്പോഴുളളത്. ബിഎസ് നാല് മലിനീകരണ നിയന്ത്രണ ചട്ടങ്ങളില്‍ മാറ്റം വരുന്നതിനാലാണിത്. ബജാജ് ആശങ്കകള്‍ പങ്കുവച്ചു.  

'2018 -19 സാമ്പത്തിക വര്‍ഷം കമ്പനിക്ക് മോശമായിരുന്നു. കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് ഏഴ് ശതമാനത്തിലേക്ക് ഉയരും ഇപ്പോഴുളളത് 6.8 ശതമാനമാണ്. ഈ രണ്ട് നിരക്കുകളും മുന്‍പ് കണക്കാക്കിയിരുന്നതിനെക്കാള്‍ താഴെയാണ്. വളര്‍ച്ച നിരക്ക് പാദ അടിസ്ഥാനത്തില്‍ താഴുകയാണ്. ബജാജ് ഓട്ടോയുടെ 2019 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ രാഹുല്‍ ബജാജ് വ്യക്തമാക്കുന്നു.